ശബരിമലയില്‍ യുവതികളെ തടയുക എന്നത് പാര്‍ട്ടി നിലപാടല്ല; കെ.സുധാകരനെ തള്ളി ചെന്നിത്തല

chennithala

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിഷയത്തില്‍ കെ.സുധാകരനെ തള്ളി രമേശ് ചെന്നിത്തല രംഗത്ത്. യുവതികളെ തടയുക എന്നത് പാര്‍ട്ടി നിലപാടല്ലെന്നും കെ സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ തടയുക തന്നെ ചെയ്യുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

ജനുവരി 22നായിരിക്കും കേസ് പരിഗണിക്കുക. സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാറിനും ദേവസ്വംബോര്‍ഡിനും നോട്ടീസ് നല്‍കും. നിലവില്‍ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കെ. സുധാകരന്‍ രംഗത്തെത്തിയത്.

Top