നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയെന്ന് ജി. സുധാകരന്‍

g-sudhakaran

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത്.

ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലേതെന്നും തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയെന്നും സുധാകരന്‍ പരിഹസിച്ചു. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വ്വകാല ചരിത്രം നോക്കേണ്ടതില്ല.ന്നും ധൈര്യമുള്ളവര്‍ മാത്രം അങ്ങോട്ടു പോയാല്‍ മതിയെന്നും യുവതികള്‍ സന്നിധാനത്തു നിന്നും തിരികെ മടങ്ങിയത് നിരാശാജനകമാണെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, പൊലീസ് സംരക്ഷണയില്‍ സ്ത്രീകളെ കൊണ്ടു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പന്തളം കൊട്ടാരം അറിയിച്ചിരുന്നു. പരികര്‍മ്മികളോട് വിശദീകരണം ചോദിച്ച ബോര്‍ഡിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്നും പരികര്‍മ്മികള്‍ക്ക് ആചാരം പാലിക്കുവാന്‍ അവകാശമുണ്ടെന്നും കൊട്ടാരം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ 50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് പ്രവേശിച്ചതെന്ന് പൊലീസ് പിന്നീട് അറിയിച്ചു. തമിഴ്‌നാട് സ്വദേശി ലതയാണ് ശബരിമലയില്‍ എത്തിയത്. ഇവരെ തടയുവാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയില്‍ സ്ത്രീയും കുടുംബവും ശബരിമലയില്‍ ദര്‍ശനം നടത്തി.

Top