ശബരിമല വിഷയം; ബിജെപിയെ മെരുക്കാൻ മറുതന്ത്രം ഒരുക്കി സർക്കാർ

cpm-bjp

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ബിജെപിയെ മെരുക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്. സംസ്ഥാന ഭരണഘടനാ ബാധ്യത നിറവേറ്റുക എന്ന ദൗത്യം സര്‍ക്കാരിനേറ്റെടുക്കേണ്ടി വന്നപ്പോള്‍ അതിവിദഗ്ധമായി തങ്ങളുടെ സമരമാക്കി മാറ്റിയ ബിജെപിയുടെ തന്ത്രത്തെ ഒറ്റപ്പെടുത്തുകയെന്നതാണ് ഇനി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഈ സാഹചര്യത്തിലൂന്നി തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിശ്വാസികളെ പ്രധാനമായും ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കുകയാണ് ഇതിലൂടെ സര്‍ക്കാരും ഉന്നംവെക്കുന്നത്.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളും നേട്ടമുണ്ടാക്കരുതെന്ന അജണ്ടയും സര്‍ക്കാരിന് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിക്കാന്‍ സര്‍ക്കാരും സിപിഎമ്മും തയ്യാറായതിന് പിന്നിലും ചില രഹസ്യ ധാരണകള്‍ തന്നെ. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സാമുദായിക സംഘടനകളുടെ മനസ്സ് കോണ്‍ഗ്രസ്സിനൊപ്പമാണെന്ന് വിലയിരുത്തലാണ് സര്‍ക്കാരിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. വിയോജിപ്പുകള്‍ ഒഴിവാക്കി പഴയ സമവായ നിലപാടിലേക്ക് എന്‍എസ്എസിനെ കൊണ്ടു വരണമെന്ന് നിലപാട് കൂടി സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി പ്രതിപക്ഷ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സര്‍വ്വകക്ഷി യോഗത്തിലെ സമവായ ചര്‍ച്ചയില്‍ പ്രതിപക്ഷം ഇറങ്ങപ്പോയെങ്കിലും അണിയറയില്‍ ബിജെപിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ചര്‍ച്ചകള്‍ സജീവമാണ്. യുവതീ പ്രവേശന വിഷയത്തില്‍ സംഘപരിവാറിനൊപ്പം സമരരംഗത്തുള്ള എന്‍എസ്എസിനെ തിരികെ കൊണ്ടുവരേണ്ടത് കോണ്‍ഗ്രസ്സിന്റെ കൂടി ആവശ്യകതയാണ്. അതുകൊണ്ട് തന്നെ എന്‍എസ്എസിനെ അനുനയിപ്പിക്കുകയെന്നത് സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും സംബന്ധിച്ചിടത്തോളം നിര്‍ണ്ണമായകമാണ്.

രാഷ്ട്രീയ രംഗത്ത് ബിജെപി ലക്ഷ്യമിടുന്ന വളര്‍ച്ച തടയുക എന്നത് കൂടിയാണ് ഇവരുടെ ലക്ഷ്യം. യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ ബിജെപിയുടെ പിന്നില്‍ അണിനിരന്നപ്പോള്‍ പ്രതിപക്ഷത്തിന് വെറും കാഴ്ച്ചക്കാരുടെ റോളിലേക്ക് മാറി നിന്നതും സംസ്ഥാനം കണ്ടതാണ്. അതിനാല്‍ തന്നെ സര്‍ക്കാരിനൊപ്പം നിന്ന് ഈ വിഷയത്തില്‍ സമവായ ശ്രമങ്ങളില്‍ പങ്കാളികളാകുമ്പോള്‍ കോണ്‍ഗ്രസ്സ് മനസ്സില്‍ കാണുന്നത് കൈമോശം വന്ന പ്രതിച്ഛായ തന്നെയാണ്. സര്‍ക്കാരും ചില കാര്യങ്ങള്‍ കൂട്ടലും കിഴിക്കലും നടത്തിയാണ് മുന്നോട്ട് പോകുന്നത്.

കോടതിയെ ബഹുമാനിക്കും, വിശ്വാസികളെ മാനിക്കും, കടുത്ത പൊലീസ് നടപടികള്‍ സ്വീകരിക്കില്ല, സംരക്ഷിച്ച് ആരെയും മലകയറ്റില്ല തുടങ്ങിയ കാര്യങ്ങള്‍ ആണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇത് ലക്ഷ്യം വെക്കുന്നതാകട്ടെ സംഘപരിവാര്‍ അജണ്ടയ്ക്കു നേരെയാണ്. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷത്തിരുന്ന് വിമര്‍ശനം നടത്തുന്ന കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. യുവതീപ്രവേശനം രാഷ്ടീയായുധുമാക്കി മാറ്റിയ ബിജെപിയെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും നിലയ്ക്കു നിര്‍ത്താമെന്ന് ഈ കണക്കുക്കൂട്ടല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സിപിഎം-കോണ്‍ഗ്രസ്സ് ബന്ധം അണിനിരന്നാല്‍ ബിജെപി പ്രതിരോധത്തില്‍ നിന്ന് അകറ്റി ഉള്‍വലിഞ്ഞുള്ള നീക്കങ്ങളാകും നടത്തുക. ഇതു തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. എന്തായാലും സര്‍ക്കാര്‍ അജണ്ടയില്‍ തട്ടി വീഴുന്നത് കോണ്‍ഗ്രസ്സോ ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമാകുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top