ശബരിമല വിഷയം; ദേശീയ മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കാനൊരുങ്ങി മുഖ്യമന്ത്രി

SABARIMALA

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാനായി മുന്‍നിര ദേശീയ മാധ്യമങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെയുള്ളവരാണ് ഈ നീക്കത്തിന് പിന്നില്‍.

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസും ബിജെപിയും ഭക്തര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിനൊപ്പം പ്രത്യാക്രമണം എന്ന തന്ത്രമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കുക എന്ന ആശയത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസാണ്. ശബരിമല പ്രക്ഷോഭത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ ആക്രമണവും പൊതു സമൂഹത്തില്‍ ചര്‍ച്ചയായി. സംസ്ഥാനത്തെ മാധ്യമങ്ങള്‍ ശബരിമലയിലെ വിഷയങ്ങളില്‍ നിലപാട് മാറ്റിയതും കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നീക്കം. കേരളത്തിലെ മാധ്യമങ്ങളുമായി മുഖ്യമന്ത്രിക്ക് വളരെ മോശം ബന്ധമാണുള്ളത്. ഇതിനെ മറികടക്കുന്നതിനാണ് അഭിമുഖത്തിലൂടെ ശ്രമിക്കുന്നത്.

ദേശീയ തലത്തില്‍ ആര്‍ എസ് എസിനെ പ്രതിരോധത്തിലാക്കുകയാണ് അഭിമുഖത്തിലൂടെ മുഖ്യമന്ത്രിയുടെ മറ്റൊരു ലക്ഷ്യം. ദേശീയ ചാനലുകളിലെ അഭിമുഖത്തിലൂടെ ആര്‍ എസ്സ് എസ്സും കോണ്‍ഗ്രസും സ്വീകരിക്കുന്ന നിലപാട് ജനങ്ങളെ ബോധിപ്പിക്കാനും മുഖ്യമന്ത്രി തയ്യാറെടുക്കുകയാണ്. ദേശീയ തലത്തില്‍ തന്നെ പിണറായി വിജയനാണ് ആര്‍എസ്സ് എസ്സിനെ ചെറുക്കുന്ന നേതാവെന്ന പ്രതീതി സൃഷ്ടിക്കാനാണ് സി പി എം ശ്രമിക്കുന്നത്. സര്‍ക്കാര്‍ നിലപാട് സിപിഎം അണികള്‍ക്കുമപ്പുറത്ത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് പല സിപിഎം നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. വീഴ്ച്ചകള്‍ എടുത്തുകാട്ടി ഉയരുന്ന വിമര്‍ശനങ്ങള്‍ ദേശീയ ചാനലുകളിലെ അഭിമുഖത്തിലൂടെ മറികടക്കാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം.

റിപ്പോര്‍ട്ട്‌:കെ.ബി.ശ്യാമപ്രസാദ്

Top