ശബരിമല നട ഇന്ന് തുറക്കും; നാളെ മുതല്‍ ഭക്തരെത്തും

ശബരിമല: കോവിഡിനെ തുടര്‍ന്ന് ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ച ശബരിമല സന്നിധാനത്ത് ഭക്തരെത്തും. തുലാമാസ പൂജകള്‍ക്കായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചു മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം.

വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്കു ചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദര്‍ശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ട്. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും.

തുലാമാസ പൂജകള്‍ക്ക് വെള്ളിയാഴ്ച ശബരിമലനട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മല കയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് പ്രയാസമാണ്. മറ്റുള്ള സമയത്ത് നിര്‍ബന്ധമാണ്. ദര്‍ശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.
മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോള്‍ അനുവദിച്ച സമയത്തു തന്നെ ഭക്തര്‍ എത്തണം. ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Top