ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് കണക്കിലെടുത്ത് ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടി. ഇന്നുമുതല്‍ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉത്സവത്തിന് തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന് വന്‍ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. രാവിലെ നാല് മണിക്ക് നട തുറന്നത് മുതല്‍ വന്‍ തീര്‍ത്ഥാടക പ്രവാഹമായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് എത്തുന്നതില്‍ കൂടുതലും. രണ്ട് ഡോസ് എടുത്തവരോ ആര്‍ടിപിസിആര്‍ നെഗറ്റീവായവരോ ആയ എല്ലാ തീര്‍ത്ഥാടകരെയും കയറ്റിവിടാനാണ് നിര്‍ദ്ദേശം. രാവിലെ നാല് മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തിയത്. തിരക്ക് കൂടിയതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തിന് ശേഷം കാനനപാത വഴിയുള്ള തീര്‍ത്ഥാടനത്തിനും അനുമതി നല്‍കി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനം വീണ്ടും തുടങ്ങിയത്. 11 മണിക്ക് മുന്‍പ് എരുമേലിയില്‍ എത്തുന്നവരെയാണ് കയറ്റിവിടുന്നത്. 35 കിലോമീറ്ററില്‍ ഭൂരിഭാഗവും വനത്തിനുള്ളിലൂടെയാണ് യാത്ര. 11 നാണ് പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍. 12 ന് തിരുവാഭരണഘോഷയാത്ര തുടങ്ങും. 14 നാണ് മകരവിളക്ക്. കാനനപാത തുറന്നതോടെ പുല്ലുമേട് വഴിയുള്ള തീര്‍ത്ഥാടനത്തിനും അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Top