സര്‍ക്കാര്‍ സഹായത്തോടെ ആരും ശബരിമലയില്‍ സന്ദര്‍ശനം നടത്തില്ല; എ.കെ.ബാലന്‍

ak balan

തിരുവനന്തപുരം: തൃപ്തി ദേശായി അടക്കം ഒരു സ്ത്രീകളെയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. സര്‍ക്കാര്‍ സഹായത്തോടെ ആരും ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യം ഉണ്ടാകില്ല. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും ഗൂഢാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ബിന്ദു അമ്മിണിക്കെതിരെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച് ഉണ്ടായ അതിക്രമം പോലുള്ള സംഭവങ്ങളെ സര്‍ക്കാര്‍ പിന്തുണക്കുന്നില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമാധാനപരമായാണ് ശബരിമലയില്‍ തീര്‍ത്ഥാടന സീസണ്‍ പുരോഗമിക്കുന്നത്. അവിടത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. വിശ്വാസികള്‍ക്ക് നിര്‍ഭയമായി ശബരിമലയില്‍ എത്താമെന്നും അതിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും എകെ ബാലന്‍ പറഞ്ഞു.

അതേസമയം ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ അത് രേഖാമൂലം എഴുതിനല്‍കണമെന്ന് തൃപ്തി പറഞ്ഞു. ശബരിമലയില്‍ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തിദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്ന.ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലെ കോടതി വിധിയില്‍ അവ്യക്തതയുണ്ട്, അത് പരിഹരിച്ച് മതി യുവതീ പ്രവേശന നടപടികളെന്ന് സര്‍ക്കാരും നിലപാട് എടുത്തിട്ടുണ്ട്.

രാത്രിയിലുള്ള വിമാനത്തില്‍ സുരക്ഷിതരായി തൃപ്തിയേയും സംഘത്തെയും തിരിച്ച് അയക്കാമെന്നാണ് പൊലീസിന്റെ നിലപാട്. ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതോടെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു.

Top