ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം രണ്ട് മാസത്തിന് മുമ്പേ ആരംഭിക്കണം; പ്രമോദ് നാരായണ്‍ എംഎല്‍എ

തിരുവനന്തപുരം; ശബരിമയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം മണ്ഡലകാലത്തിന് രണ്ട് മാസം മുമ്പെ ആരംഭിക്കണമെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍. ഇത് സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് കത്ത് നല്‍കി.

കുറഞ്ഞ കാലയളിവനുള്ളില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. 40 ദിവസക്കാലം വ്രതം നോറ്റാണ് ഭക്തര്‍ എത്തുന്നത്. ശബരിമലയിലെ തീര്‍ത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് വഴിയുള്ള ബുക്കിംഗ് തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ്. അതിനാല്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ഉറപ്പാക്കിയ ശേഷം മിക്കവര്‍ക്കും 40 ദിവസത്തെ വ്രതം എടുക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് മണ്ഡല കാലത്തിന് 60 ദിവസം മുന്‍പ് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാനുള്ള അവസരം കൂടെ നല്‍കണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ പ്രമോദ് നാരായണ്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.

Top