ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസ്സം? : സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടപ്പോഴാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം. ഇക്കാര്യത്തില്‍ ഇന്ന് തന്നെ മറുപടി വേണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എന്‍പി രമണ അധ്യക്ഷനായ ബെഞ്ചാണ് ഈ പരാമര്‍ശം ഉന്നയിച്ചത്.

ശബരിമലയില്‍ വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യുന്നത് എങ്ങിനെയാണെന്ന് കോടതി ചോദിച്ചു. ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസമെന്ന് സുപ്രീം കോടതി ചോദിച്ചു. ശബരിമലയ്ക്ക് അത്തരമൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടെന്നും കോടതി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി എതിരായാല്‍, ശബരിമലയില്‍ ലിംഗ സമത്വം എങ്ങിനെ ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു. ഒരുപക്ഷെ ഈ വിധി എതിരായാല്‍ യുവതികളെ എങ്ങനെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും അത് തടസമാകില്ലേയെന്നും കോടതി ചോദിച്ചു.

മുതിര്‍ന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് നേരത്തെ ഈ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്. എന്നാല്‍ ഇന്ന് അദ്ദേഹം ഹാജരാകാതിരുന്നതിനാല്‍ എവിടെയെന്ന് കോടതി ചോദിച്ചു. ജയ്ദീപ് ഗുപ്തയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട കോടതി ഇന്ന് തന്നെ ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. മറ്റ് കേസുകള്‍ പരിഗണിച്ച ശേഷം ഇന്ന് തന്നെ ഈ കേസ് കോടതി വീണ്ടും പരിഗണിക്കും.

Top