ശബരിമല കേസ്; വിപുലമായ ബഞ്ച് ഇനി പരിശോധിക്കും , താൽക്കാലിക ആശ്വാസം

ന്യൂഡല്‍ഹി: ശബരിമല കേസില്‍ നിര്‍ണ്ണായക വിധി പറഞ്ഞ് സുപ്രീം കോടതി. 2018 സെപ്റ്റംബര്‍ 28ന് യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ വിധിക്കെതിരെ എത്തിയ 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്.

ശബരിമലയിലെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബഞ്ചിന് വിട്ടു. ശബരിമല യുവതീപ്രവേശനമടക്കം മറ്റ് മതത്തിലേതുള്‍പ്പെടെയുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിലേയ്ക്ക് വിടണമെന്ന് ചീഫ് ജസ്റ്റീസ് അടക്കം മൂന്ന് ജഡ്ജിമാരാണ് ആവശ്യപ്പെട്ടത്.
ആരാധനാലയങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിധികളും സുപ്രീംകോടതി ഒരുമിച്ച് പരിഗണിക്കുമെന്നും പറഞ്ഞു.ഭരണഘടനാ ബഞ്ചിന്റേതാണ് ഭൂരിപക്ഷ തീരുമാനം.

അതേസമയം ശബരിമല വിധിയില്‍ രോഹിങ്ക്യന്‍ നരിമാനും ഡി വൈ ചന്ദ്രചൂഡും ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. വിശാല വിധി പരിഗണിക്കും വരെ പഴയ വിധി നിലനില്‍ക്കുമെന്നും യുവതീപ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേയില്ലെന്നും കോടതി പറഞ്ഞു.

കേസും നിലപാടുകളും


സംസ്ഥാന സര്‍ക്കാര്‍

പുനഃപരിശോധനയെ എതിര്‍ക്കുന്നു. അയ്യപ്പ ഭക്തര്‍ മതവിഭാഗമല്ല. ശബരിമല ആര്‍ക്കും പോകാവുന്ന ക്ഷേത്രമാണ്. നിശ്ചിത പ്രായഗണത്തിലുള്ള സ്ത്രീകള്‍ക്കായിരുന്നു വിലക്ക്. അയിത്തം സംബന്ധിച്ച ഭരണഘടനാ വകുപ്പ് വിധിയുടെ മര്‍മ്മമാവാം അല്ലായിരിക്കാം. മതത്തിന്റെ അനുപേക്ഷണീയ ആചാരത്തെയും ക്ഷേത്രത്തിന്റെ ആചാരത്തെയും കൂട്ടിക്കുഴയ്ക്കാനാണു ശ്രമം.
ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇതു ഹിന്ദുമതത്തിന്റെ അനുപേക്ഷണീയ ആചാരമല്ല, ശബരിമലയില്‍ മാത്രമുള്ളതാണ്. അപ്പോള്‍ ഭരണഘടനാപരമായ സംരക്ഷണം അവകാശപ്പെടാനാവില്ല. ക്ഷേത്രം പ്രത്യേക മതവിഭാഗത്തിന്റേതെങ്കില്‍ സംരക്ഷണം അവകാശപ്പെടാമായിരുന്നു. അല്ലെന്നു കോടതി പറഞ്ഞുകഴിഞ്ഞു. കാശിയും പുരിയും തിരുപ്പതിയുമൊക്കെ സവിശേഷ സ്വഭാവമുള്ള ക്ഷേത്രങ്ങളാണ്. എന്നാല്‍, അവയെ പ്രത്യേക മതവിഭാഗത്തിന്റേതെന്ന് കോടതി അംഗീകരിച്ചിട്ടില്ല. ശബരിമല പൊതു ക്ഷേത്രമാണ്. അതുകൊണ്ടാണ് നിയമം ബാധകമാകുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സമൂഹം കാലത്തിനൊത്തു മാറണം. ക്ഷേത്രാചാരങ്ങള്‍ ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാകരുത്. തുല്യതയും അന്തസോടെ ജീവിക്കാനുള്ള അവകാശവും അയിത്തമില്ലായ്മയും ഭരണഘടനാ ധാര്‍മികതയുടെ ഭാഗമാണ്. ബെഞ്ചിലെ ഒരാള്‍ വിയോജിച്ചുവെന്നത് വിധി പുനഃപരിശോധിക്കുന്നതിനു മതിയായ കാരണമല്ല. ആര്‍ത്തവം ജീവശാസ്ത്രപരമാണ്. അതില്ലാതെ മനുഷ്യവംശത്തെ സങ്കല്‍പിക്കാനാവില്ല. മതസ്വാതന്ത്ര്യ സംബന്ധിയായി ഭരണഘടനാ വകുപ്പില്‍ (251) എല്ലാവര്‍ക്കുമുള്ള അവകാശമാണു പറയുന്നത്. അതു നിഷേധിക്കുന്ന ഏതു നടപടിയും ഭരണഘടനാ വിരുദ്ധമാണ്. ഇപ്പോള്‍ മാറ്റം കൊണ്ടുവന്നത് സുപ്രീം കോടതി വിധിയാണ്.

എന്‍എസ്എസ്

ചരിത്രപരമായ പശ്ചാത്തലം മനസിലാക്കാതെയാണ് ശബരിമലയിലേത് അയിത്തമെന്നു കോടതി നിലപാടെടുത്തത്. മനുഷ്യജീവിയെന്ന പരിഗണന നല്‍കാത്തപ്പോഴാണ് അയിത്തമാകുന്നത്. ശബരിമലയിലേത് ജാതി അടിസ്ഥാനത്തിലല്ല, പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള ആചാരമാണ്.


ശബരിമല ആചാര സംരക്ഷണ സമിതി

ആചാരം നൂറ്റാണ്ടുകളായുള്ളതാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രതിഷ്ഠയുടെ സ്വഭാവമെന്നത് മതത്തിന്റെ ആഭ്യന്തര കാര്യമാണ്. അതില്‍ തീരുമാനമെടുക്കേണ്ടത് ആ മതത്തിലുള്ളവരാണ്. ആചാരം മാറ്റേണ്ടെന്നാണ് അവരുടെ തീരുമാനമെങ്കില്‍ ആചാരം തുടരും. ശബരിമലയിലെ ആചാരം ഒരു വിഭാഗം ഹിന്ദുക്കള്‍ തങ്ങളുടെ അടിസ്ഥാന വിശ്വാസമായി അംഗീകരിച്ചതാണ്.

തന്ത്രി കണ്ഠര് രാജീവര്

പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവവും വിശ്വാസിയുടെ ഭരണഘടനാപരമായ മൗലികാവകാശത്തിന്റെ ഭാഗമാണ്. വിശ്വാസ കാര്യങ്ങളില്‍ തന്ത്രിയുടേതാണ് അവസാന വാക്ക്. വിശ്വാസി ക്ഷേത്രത്തില്‍ പോകുന്നത് ചോദ്യം ചെയ്യാനല്ല, ആരാധിക്കാനാണ്. നൈഷ്ഠിക ബ്രഹ്മചാരിയെന്ന സങ്കല്‍പം എല്ലാ ദിവസവും പൂജയിലൂടെ ആവര്‍ത്തിച്ചു സ്ഥാപിക്കപ്പെടുന്ന സംഗതിയാണ്.

പ്രയാര്‍ ഗോപാലകൃഷ്ണന്‍

ഒഴിവാക്കപ്പെടുന്നത് ചെറിയൊരു വിഭാഗമാണ്. അത് ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടതാണ്. ജാതിയുടെയോ മതത്തിന്റെയോപരില്‍ ആരെയും ഒഴിവാക്കുന്നില്ല. ശബരിമല ശാസ്ത്ര മ്യൂസിയമല്ല, ക്ഷേത്രമാണ്. അവിടെ ഭരണഘടനാ ധാര്‍മികത പ്രയോഗിച്ച്, ആചാരം തെറ്റ് എന്നു പറയാനാവില്ല. ശബരിമല അയ്യപ്പന്റെ യഥാര്‍ഥ വിശ്വാസിക്ക് ആചാരം അനുപേക്ഷണീയമാണ്.

പി.ബിന്ദു, കനകദുര്‍ഗ

ലിംഗനീതിയാണ് കോടതി പരിശോധിച്ചു തീര്‍പ്പാക്കിയ വിഷയം. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ പ്രവേശിച്ചത്. അതിന്റെ പേരില്‍ വധഭീഷണിയും സാമൂഹികമായ ഒറ്റപ്പെടുത്തലും നേരിടുന്നു.

കേസിന്റെ നാള്‍വഴികള്‍….

10 മുതല്‍ 50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള 1991 ഏപ്രില്‍ അഞ്ചിലെ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു ശബരിമല നിയമപോരാട്ടത്തിന് വഴിതെളിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ അയച്ച ഒരു കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ. പരിപൂര്‍ണന്‍, കെ ബി മാരാര്‍ എന്നിവരുടേതായിരുന്നു ആ വിധി.യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2006ലാണ് അതിനെതിരെയുള്ള കേസ് സുപ്രീംകോടതിയിലെത്തുന്നത്.

ജസ്റ്റിസുമാരായ അരജിത് പസായത്, ആര്‍ വി രവീന്ദ്രന്‍ എന്നിവരായിരുന്നു ആദ്യം ഈ കേസ് പരിഗണിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് എത്തുന്നതോടെയാണ് ശബരിമല കേസില്‍ കൂടുതല്‍ വഴിത്തിരിവുണ്ടാകുന്നത്.

പിന്നീട് 8 ദിവസം നീണ്ട വിചാരണകള്‍ക്കൊടുവില്‍ 2018 സെപ്റ്റംബര്‍ 28നാണ് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീകോടതി വിധി വന്നത്.അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ച് അംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടന ബഞ്ചിലെ നാല് ജഡ്ജിമാര്‍ യുവതീപ്രവേശനം ശരിവെച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധി ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണം എന്നതായിരുന്നു ഭൂരിപക്ഷ വിധി.

ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കാന്‍, ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞ 12 കാരണങ്ങള്‍ ഇവ:

1.അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ല. അവര്‍ക്കു പ്രത്യേക മതസംഹിതയില്ല.

2. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) ‘എല്ലാ വ്യക്തികളും’ എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല; ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേര്‍തിരിവുമില്ല.

3.ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു കേരള ഹിന്ദു ആരാധനാ സ്ഥല നിയമത്തിലെ 3(ബി) വകുപ്പുപ്രകാരം ശബരിമലയിലെ രീതി.

4.3(ബി) വകുപ്പ് ഹിന്ദു സ്ത്രീകളുടെ വിശ്വാസ ആചരണ അവകാശം നിഷേധിക്കുന്നതിനാല്‍ ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു.

5.25ാം വകുപ്പില്‍ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണ്. അതിനെ വ്യക്തികളോ മതവിഭാഗങ്ങളോ കല്‍പിക്കുന്ന ഇടുങ്ങിയ അര്‍ത്ഥത്തിലല്ല കാണേണ്ടത്.

6.ഭരണഘടനാ വകുപ്പില്‍ പറയുന്ന പൊതുക്രമം, സദാചാരം, ആരോഗ്യം എന്നീ നിയന്ത്രണ കാരണങ്ങള്‍ സ്ത്രീകളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനും വേര്‍തിരിവു കാട്ടാനും നിയമപരമായ അവകാശം നിഷേധിക്കാനുമുള്ളതല്ല.

7.വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല.

8.വിലക്കു മാറ്റുന്നതു ഹിന്ദുമതത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല.

9.വിലക്കിനു ചട്ടത്തിലൂടെ പിന്‍ബലം നല്‍കിയിരുന്നെങ്കിലും അതു മതത്തിന്റെ അനുപേക്ഷണീയമോ അവിഭാജ്യമോ ആയ സംഗതിയല്ല.

10.1965ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല നിയമത്തിലെ 3ാം വകുപ്പ് എല്ലാ പൊതു ആരാധനാ സ്ഥലങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനാനുമതി നല്‍കുന്നു. ഇതിനു വിരുദ്ധമാണു ചട്ടത്തിലെ 3(ബി) വകുപ്പ്.

11.വര്‍ഗ, വിഭാഗ വ്യത്യാസങ്ങള്‍ പാടില്ലെന്നാണു നിയമത്തിലെ 4(1) വകുപ്പ്. അതിനും വിരുദ്ധമാണു 3(ബി) വകുപ്പ്.

12.ആചാരങ്ങളും പ്രയോഗ രീതികളും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും പൊതു ആരാധനാ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനു വഴിമാറണമെന്നാണു നിയമത്തിലെ 3, 4(1) വകുപ്പുകള്‍ വ്യക്തമാക്കുന്നത്.

വിധിക്ക് പിന്നാലെ സംസ്ഥാനമാകെ കലാപകലുഷിതമായി.വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചു.അതിന് പിന്നാലെയാണ് വിധിക്കെതിരെ 56 പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയത്.

Top