ശബരിമല വിധി എന്തായാലും നടപ്പാക്കേണ്ടത് പുതിയ ബോര്‍ഡ്; എ. പത്മകുമാറിന്റെ കാലാവധി അവസാനിച്ചു

ബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. വിധി എന്താണെങ്കിലും ശരി അത് നടപ്പിലാക്കാനുള്ള ചുമതല പുതിയ ബോര്‍ഡിനായിരിക്കും. ശബരിമല വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. രാജ്യം സുപ്രീം കോടതിയിലേക്ക് ഉറ്റു നോക്കുകയാണ്. അതിനിടെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വിധി വരുന്ന ഈ ദിവസം പ്രസിഡന്റിന്റേയും ഒരംഗത്തിന്റേയും സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ ബോര്‍ഡ് പ്രസിഡന്റായി എന്‍.വാസു ചുമതലയേല്‍ക്കും.

നിലവില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേയും ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസിന്റേയും കാലാവധി ഇന്നലെ അവസാനിച്ചു. 2017 നവംബര്‍ 14നാണ് ഇരുവരും തല്‍ സ്ഥാനങ്ങളില്‍ ചുമതല ഏറ്റിരുന്നത്. ശബരിമല സ്ത്രീപ്രവേശനത്തില്‍ റിവ്യൂ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ വിധി എന്തുതന്നെയായാലും അതു നടപ്പാക്കേണ്ടി വരിക പുതിയ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ബോര്‍ഡിനാണ്. ഇതു മുന്‍കൂട്ടി കണ്ടാണ് മുന്‍ ദേവസ്വം കമ്മിഷണറായ എന്‍.വാസുവിനെ തന്നെ ബോര്‍ഡ് പ്രസിഡന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സാധാരണ രാഷ്ട്രീയ നേതാക്കന്മാരാണ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താറുള്ളത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും മുന്‍ കമ്മിഷണറുമായ എന്‍.വാസുവിനെ നിയോഗം ഏല്‍പ്പിക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് വ്യക്തം. കോടതി വിധി എന്തായാലും അതു നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനും ബോര്‍ഡിനുമുണ്ട്. കഴിഞ്ഞ കോടതി വിധിയുണ്ടായപ്പോള്‍ എന്‍.വാസുവായിരുന്നു ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തുണ്ടായിരുന്നത്. വിധി നടപ്പാക്കുകയെന്ന കാര്യത്തില്‍ ബോര്‍ഡ് ഭരണസമിതിയേക്കാള്‍ ഉറച്ച നിലപാടായിരുന്നു കമ്മിഷണറുടേത്. ഇന്ന് സുപ്രിംകോടതി വിധി വരുമ്പോള്‍ പ്രസിഡന്റ് സ്ഥാനവും ഒരംഗത്തിന്റെ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.

Top