വിധി വ്യക്തമല്ലെങ്കിലും സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല, മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോടതിയുടെ വിധിയില്‍ വ്യക്തത ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ താരുമാനം. അതേസമയം നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സംഘടന യുവതിപ്രവേശത്തിന് നീക്കം നടത്തുന്നതായി രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

പഴയ വിധി നിലനില്‍ക്കേ യുവതികള്‍ ശബരിമലയില്‍ കയറുമെന്ന ആശങ്ക സര്‍ക്കരിനുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി വിധി എന്താണെന്ന് വ്യക്തമല്ലെന്ന് മന്ത്രിമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇനി വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമോ എന്നുള്ള ചര്‍ച്ചയും ജനങ്ങള്‍ക്കിടയില്‍ സജീവമാണ്. അതിനിടയിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ സുപ്രീംകോടതിയ സമീപിക്കുകയും യുവതി പ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താല്‍ തലവേദന സര്‍ക്കാരിനാവും. യുവതികളെ പ്രവേശിപ്പിക്കാന്‍ പറഞ്ഞാല്‍, അതിന് വേണ്ടിയാണ് സര്‍ക്കാര്‍ കോടതിയില്‍ പോയതെന്നും ആക്ഷേപം ഉയരും. സുപ്രീംകോടതിക്ക് പോലും സ്വന്തം വിധി നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതില്‍ സര്‍ക്കാര്‍ അതിന്റെ പിന്നാലെ പോകേണ്ട എന്നാണ് മുഖ്യമന്ത്രിയുടെയും നിലപാട്. ഇക്കാര്യം സംബന്ധിച്ച് വകുപ്പുകളിലെ മന്ത്രിമാരോട് മുഖ്യമന്ത്രി സൂചിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം ഇട്ടുകൊടുക്കുന്ന സമീപനമോ പ്രസ്താവനകളോ മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി.

Top