ശബരിമല വിധി; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി അഡ്വക്കേറ്റ് ജനറല്‍, ആശങ്ക അറിയിക്കും

തിരുവനന്തപുരം: ശബരിമല വിധി പുനപരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ തീരുമാനത്തെ കുറിച്ച് വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. കോടതി വിധിയുടെ ആദ്യ വിലയിരുത്തല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. മണ്ഡലകാലം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍
മാത്രം ബാക്കി നില്‍ക്കെ വലിയൊരു സംഘര്‍ഷ സാധ്യതയാണ് മുന്നില്‍ കാണുന്നത്. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതേസമയം നിലവില്‍ പഴയ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ കുഴപ്പത്തിലാകും എന്ന ആശങ്കയും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. മാത്രമല്ല വിധിക്ക് പിന്നാലെ നിരവധി സ്ത്രീകള്‍ മല കയറണമെന്ന ആഗ്രഹം അറിയിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ഇക്കുറി 30 ഓളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അത്രയും ഗുരുതരമായ സാഹചര്യം ഇക്കുറി ഉണ്ടാകില്ലെന്നാണ് അനുമാനം.

യുവതികള്‍ വീണ്ടും എത്തുമോ, തടയാന്‍ വിവിധ സംഘടനകളുണ്ടാകുമോ തുടങ്ങി ആശങ്കകള്‍ നിരവധിയാണ്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചേരുന്നുണ്ട്. ശബരിമല യുവതി പ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യാതെ, പുനപരിശോധനാ ഹര്‍ജികള്‍ മാറ്റിവച്ചിരിക്കുകയാണ് സുപ്രീം കോടതി. എന്നാല്‍ പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബഞ്ചിന്റെ പരിധിയില്‍ വരുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് സിപിഎമ്മും സര്‍ക്കാരും. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പാര്‍ട്ടി മുന്‍കൈയെടുക്കില്ലെന്നാണ് സിപിഎം നയം. നിലവിലെ സാഹചര്യത്തില്‍ പുതിയ വിധി, സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. മണ്ഡല കാലം തുടങ്ങാനിരിക്കെ ശബരിമല സംബന്ധിച്ച സര്‍ക്കാര്‍ നീക്കങ്ങള്‍ മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും.

Top