കാണിക്കയിടേണ്ടെന്ന ബി.ജെ.പി നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം അത്ഭുതപ്പെടുത്തിയെന്ന് വി.ഡി.സതീശന്‍

VD Satheesan

തിരുവനന്തപുരം: ശബരിമലയില്‍ കാണിക്കയിടേണ്ടെന്ന തരത്തില്‍ ബി.ജെ.പി നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആകെയുള്ളത് 1250 ക്ഷേത്രങ്ങളാണ്. അതില്‍ ശബരിമലയുള്‍പ്പെടെ 30 ക്ഷേത്രങ്ങളില്‍ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനമുള്ളതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ കാണിക്കയിടേണ്ട എന്ന നിര്‍ദ്ദേശം ബി ജെ പി നേതാക്കള്‍ നല്‍കിയത് എന്നെ അത്ഭുതപ്പെടുത്തുന്നു .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആകെയുള്ളത് 1250 ക്ഷേത്രങ്ങളാണ്. അതില്‍ ശബരിമലയുള്‍പ്പെടെ 30 ക്ഷേത്രങ്ങളില്‍ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനമുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ശബരിമലയില്‍ നിന്നാണ്. ഈ വരുമാനം ഉപയോഗിച്ചാണ് ബാക്കിയുള്ള 1220 ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവും ബോര്‍ഡിലെ ഏഴായിരത്തോളം ജീവനക്കാരുടെ ശമ്പളവും നല്‍കുന്നത്.ശബരിമലയില്‍ കാണിക്കയിടാതെ വരുമാനം നിലച്ചാല്‍ ബാക്കിയുള്ള ആയിരത്തിലധികം ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാകും.
അപ്പോള്‍ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കാം.
അതു കൊണ്ട് തന്നെ ശബരിമലയില്‍ കാണിക്കയിടണ്ട എന്ന സംഘപരിവാര്‍ നിര്‍ദ്ദേശം നിഗൂഢമായ മറ്റൊരു വര്‍ഗ്ഗീയ അജണ്ടയാണ്.
വിശ്വാസ സംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഈ കള്ളക്കളി അയ്യപ്പഭക്തര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

Top