ശബരിമല വിഷയത്തില്‍ യുഡിഎഫ് നിയമ നിര്‍മ്മാണം നടത്തും; ചെന്നിത്തല

വയനാട്‌: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിയ്ക്കും ഒരേ നിലപാടാണെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല കലാപ കേന്ദ്രമായി മാറിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം മൂലം. മുസ്ലീം ലീഗിനെതിരായ നിലപാടില്‍ സിപിഐഎം വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുകയാണ്. ഭരണ നേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തതിനാല്‍ സിപിഎം വര്‍ഗ്ഗീയതയില്‍ അഭയം തേടുകയാണ്. ബിജെപിയുമായുള്ള കൂട്ടുകെട്ടാണ് സിപിഎമ്മിനെ വര്‍ഗ്ഗീയത പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യുഡിഎഫ് ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷ നല്‍കുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോകസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ രാജി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ രാജി മാറ്റിവെക്കുകയായിരുന്നു.

Top