ആചാര ലംഘനത്തിന് രണ്ട് വര്‍ഷം തടവ്; നിയമത്തിന്റെ കരട് പുറത്ത് വിട്ട് യുഡിഎഫ്

കോട്ടയം: ശബരിമല വിഷയത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് രൂപം പുറത്തു വിട്ട് യുഡിഎഫ്. ആചാര ലംഘനം നടത്തിയാല്‍ തടവു ശിക്ഷ ഉറപ്പാക്കും. രണ്ട് വര്‍ഷം തടവ് ശിക്ഷ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണ് കരട് നിയമത്തിലുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നിയമത്തിന്റെ കരട് പുറത്തു വിട്ടത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി പുതിയ നിയമ നിര്‍മാണം നടത്തി പ്രശ്‌നത്തിനു പരിഹാരം കാണുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. നിയമത്തിന്റെ കരട് രൂപമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ശബരിമല വിഷയത്തില്‍ കോടതി ഉത്തരവിനുശേഷം എന്ത് നടപടിയാണ് സര്‍ക്കാര്‍ സീകരിച്ചതെന്നു പറയണം, സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. പുതിയ നിയമ നിര്‍മാണമല്ലാതെ കോടതി വിധിയെ മറികടക്കാനാകില്ലെന്നു സര്‍ക്കാരിന് അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം, സുപ്രിം കോടതി സ്റ്റേ ചെയ്യാത്ത ഒരു ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പകരം നിയമം കൊണ്ട് വരാന്‍ കഴിയില്ലെന്നും നിയമ മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചിരുന്നു. പാര്‍ലമെന്റിനും, നിയമസഭയ്ക്കും നിയമം കൊണ്ടുവരാന്‍ കഴിയില്ല. നിയമം കൊണ്ട് വരാന്‍ കഴിയുമെന്ന് തലയ്ക്ക് വെളിവുള്ള ആരും പറയില്ല. ശബരിമല പറഞ്ഞ് കബളിപ്പിക്കല്‍ കേരളത്തില്‍ നടക്കില്ല. കോടതി വിധി നടപ്പാക്കുമ്പോള്‍ അതിനെ ബാധിക്കുന്നവരെ സര്‍ക്കാര്‍ കേള്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 

Top