ശബരിമല വിഷയത്തിൽ യു.ഡി.എഫ് നീക്കം പാളി ! കരുതലോടെ ഇടതുപക്ഷം

വിശ്വാസികളെ സംബന്ധിച്ച് വിശ്വാസം, അതു തന്നെയാണ് എല്ലാം. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിന്റെ പോലും ആവശ്യമില്ല. ഈ സാഹചര്യത്തില്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായ എം.വി ഗോവിന്ദന്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനും ഏറെ പ്രസക്തിയുണ്ട്. വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായ ദൈവീകമായ സങ്കല്‍പ്പങ്ങളെയുമെല്ലാം തള്ളിപ്പറഞ്ഞു കൊണ്ട് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഈ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ നിര്‍ത്തി ബദലായി മുന്നോട്ടേക്കു പോകാവൂ എന്ന് പറയുന്നത് തന്നെ തെറ്റാണെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ഈ നിലപാടിന് കേരളീയ സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്.

ഒരു സി.പി.എം നേതാവും ഇത്തരം നിലപാടുകള്‍ പറയരുതെന്ന് ആഗ്രഹിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഈ പ്രതികരണത്തെയും വിവാദമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അത്തരക്കാരെ സംബന്ധിച്ച് കമ്യൂണിസ്റ്റുകള്‍ വിശ്വാസത്തിനും വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരാണെന്ന് വരുത്തി തീര്‍ക്കുകയാണ് പരമ പ്രധാനമായ ആവശ്യം. ഇക്കാര്യത്തില്‍, ബി.ജെ.പിക്ക് മാത്രമല്ല യു.ഡി.എഫിനും സമാന കാഴ്ചപ്പാടാണുള്ളത്. എന്നാല്‍, ഇവരെല്ലാം ശരിക്കും മനസ്സിലാക്കേണ്ട ഒരു കാര്യം കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ വോട്ടു ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നതാണ്. ഹിന്ദു വോട്ടുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്നതും സി.പി.എമ്മാണ്. അതല്ലാതെ, ബി.ജെ.പിയോ കോണ്‍ഗ്രസ്സോ അല്ല.

ബി.ജെ.പിക്ക് കേരളത്തില്‍ വളര്‍ച്ച ഉണ്ടാകാത്തതിന് പ്രധാന കാരണം സി.പി.എമ്മിനൊപ്പം ഭൂരിപക്ഷ സമുദായം നിലയുറപ്പിച്ചതാണെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം പോലും വിലയിരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ മുസ്ലീം സമുദായത്തില്‍ സി.പി.എമ്മിന് സ്വാധീനം വര്‍ദ്ധിക്കുന്നു എന്ന് തിരിച്ചറിഞ്ഞാണ് മുസ്ലീം ലീഗും മനുഷ്യ ശൃംഖല പൊളിക്കാന്‍ രംഗത്തിറങ്ങിയിരുന്നത്. ലീഗിന്റെ വോട്ട് ബാങ്കായ സമസ്തയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിനു പിന്തുണ നല്‍കുന്നതില്‍ ലീഗ് നേതൃത്വം തന്നെ ഏറെ അസ്വസ്ഥരാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭമാണ് ലീഗിനൊപ്പമുള്ള വിഭാഗത്തെപ്പോലും ഇടതുപക്ഷത്തോട് അടുപ്പിച്ചിരുന്നത്. മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കിയതിലൂടെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും എന്‍.എസ്.എസ് അണികള്‍ക്കിടയിലും വലിയ രൂപത്തിലുള്ള സ്വീകാര്യതയാണ് ഇടതുപക്ഷത്തിനു ലഭിച്ചിരിക്കുന്നത്.

ജോസ്.കെ മാണി വിഭാഗം ഇടതുപക്ഷത്ത് എത്തിയതും ചുവപ്പിനോടുള്ള ക്രൈസ്തവ വിഭാഗത്തിന്റെ അടുപ്പം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനു പുറമെ, വിവിധ പിന്നോക്ക വിഭാഗങ്ങളും ഇതിനകം തന്നെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങളാണ്. മതത്തിനും ജാതിക്കും നിറത്തിനും വര്‍ഗ്ഗത്തിനും അപ്പുറം മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്കു പ്രാധാന്യം നല്‍കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റു മന്ത്രിമാര്‍ വിശ്വാസികളല്ലായിരിക്കാം എന്നാല്‍, വിശ്വാസികള്‍ക്കൊപ്പം അവര്‍ എപ്പോഴും നിലനിന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്താനും ഒരു മടിയും കാണിച്ചിട്ടുമില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോടതിയാണ് ഉത്തരവിറക്കിയത്, അല്ലാതെ സി.പി.എം അല്ല. ഇപ്പോള്‍ അതേ കോടതി തന്നെയാണ് ഈ വിഷയവും പുന:പരിശോധിക്കുന്നത്.

കോടതി ഉത്തരവ് എന്തു തന്നെയായാലും അതു അംഗീകരിക്കുമെന്ന് തന്നെയാണ് ഇടതുപക്ഷ നേതാക്കളും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും നിലപാട് ഇവിടെ വ്യക്തമാണ്. ഇതു വിശ്വാസികള്‍ തിരിച്ചറിഞ്ഞത് കൊണ്ടു കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ മഹാവിജയം ഇടതുപക്ഷത്തിന് സാധ്യമായിരിക്കുന്നത്. എങ്കിലും, തെറ്റി ധരിക്കപ്പെട്ട ഒരു വിഭാഗം ഇപ്പോഴും ഈ കേരളത്തിലുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അത്തരക്കാര്‍ക്ക് അങ്ങനെ വിലയിരുത്താന്‍ വേദി ഒരുക്കിയതാകട്ടെ ഒരു പൊലീസ് ഓഫീസറുടെ ഭ്രാന്തന്‍ നടപടിയാണ്. ഹെല്‍മറ്റ് ധരിപ്പിച്ച് രഹന ഫാത്തിമയെ ശബരിമലയിലേക്ക് കയറ്റാന്‍ ഈ ഓഫീസര്‍ ശ്രമിച്ചതാണ് പ്രശ്‌നം കത്തിപ്പടരാന്‍ കാരണമായിരുന്നത്. ഒടുവില്‍, സര്‍ക്കാര്‍ കര്‍ശനമായി ഇടപെട്ടാണ് ആ ഉദ്യോഗസ്ഥനെ പിന്തിരിപ്പിച്ചിരുന്നത്.

രഹന ഫാത്തിമയെ ശബരിമല ദര്‍ശനത്തിന് പൊലീസ് കൊണ്ടു പോയ സംഭവം തന്നെയാണ് ഇപ്പോഴും പ്രധാനമായും ബി.ജെ.പിയും യു.ഡി.എഫും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതും നാം കാണാതിരുന്നു കൂടാ. അയ്യപ്പന് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞത് കൊണ്ട് കുറ്റം ചെയ്ത ഐ.പി.എസ് ഓഫിസറെ സംബന്ധിച്ച് പാപമോചനമായിട്ടുണ്ടാകാം എന്നാല്‍, ഈ നടപടിയുടെ പേരില്‍ വലിയ വില താല്‍ക്കാലികമായാണെങ്കില്‍ പോലും കൊടുക്കേണ്ടി വന്നത് ഇടതുപക്ഷത്തിനാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ അത് പ്രകടവുമായിരുന്നു. രാഹുല്‍ വയനാട്ടില്‍ നിന്നു മത്സരിക്കുക കൂടി ചെയ്തതോടെ യു.ഡി.എഫാണ് ശരിക്കും നേട്ടമുണ്ടാക്കിയിരുന്നത്. 20-ല്‍ 19 സീറ്റ് എന്നത് യു.ഡി.എഫ് നേതാക്കള്‍ക്കു പോലും അപ്രതീക്ഷിതമായിരുന്നു. ഈ തോല്‍വിയില്‍ നിന്നും പിന്നീട് ഫീനിക്‌സ് പക്ഷിയെ പോലെയാണ് ഇടതുപക്ഷം പറന്നുയര്‍ന്നത്.

ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ചുവപ്പിന് നടത്താന്‍ കഴിഞ്ഞത് വിശ്വാസികള്‍ കൂടി ചെങ്കൊടിയെ വിശ്വാസത്തിലെടുത്തതു കൊണ്ടാണ്. ഇതു മനസ്സിലാക്കിയാണ് വീണ്ടും ശബരിമല വിഷയം ആളിക്കത്തിച്ച് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ യു.ഡി.എഫ് നിലവില്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായ ചെപ്പടി വിദ്യകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. തിരുവഞ്ചൂര്‍ മുതല്‍ രമേശ് ചെന്നിത്തല വരെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതും ശബരിമലയെ തന്നെയാണ്. മറ്റൊന്നും തന്നെ അവര്‍ക്ക് പറയാനുമില്ല മുന്നോട്ട് വയ്ക്കാനുമില്ല. ഐശ്വര്യ കേരള യാത്രയിലും ചെന്നിത്തല ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും ശബരിമല തന്നെയാണ്. എന്നാല്‍, യു.ഡി.എഫിന്റെ ഈ നീക്കത്തിന് എന്‍.എസ്.എസിന്റെ ഭാഗത്തു നിന്നു തന്നെ അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനത്തെ ആത്മാര്‍ഥതയില്ലാത്ത നിലപാടെന്നാണ് എന്‍.എസ്.എസ് തുറന്നടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കളെ ശരിക്കും അമ്പരിപ്പിച്ച പ്രതികരണമാണിത്. ‘പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ, വിശ്വാസസംരക്ഷണത്തിനു വേണ്ടി യു.ഡി.എഫിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമായിരുന്നു എന്നും അതു ചെയ്യാതെ അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്കനുകൂലമായ നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചാല്‍ അതില്‍ എന്ത് ആത്മാര്‍ഥതയാണ് ഉള്ളതെന്നാണ്, എന്‍.എസ്.എസിന്റെ ചോദ്യം. കേന്ദ്രഭരണം കൈയിലിരിക്കെ ബി.ജെ.പി.ക്ക് ഒരു നിയമനിര്‍മാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമല്ലേ ഇതെന്ന ചോദ്യവും എന്‍.എസ്.എസ് ഉയര്‍ത്തിയിട്ടുണ്ട്. ബി.ജെ.പിയെയും വെട്ടിലാക്കുന്ന പ്രതികരണമാണിത്.

‘വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിക്കൊടുക്കണമെന്നതാണ് ഇടതുപക്ഷത്തോടുള്ള എന്‍.എസ്.എസിന്റെ ആവശ്യം. പ്രതിപക്ഷ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ മിടുക്കരായ എന്‍.എസ്.എസിന്റെ പ്രതികരണം ഏറെ വെട്ടിലാക്കിയിരിക്കുന്നത് ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയുമാണ്. എന്നാല്‍, ഇടതുപക്ഷത്തെ സംബന്ധിച്ച് ഇതിനും യുക്തമായ മറുപടിയുണ്ട്. അത് അവര്‍ ഇതിനകം തന്നെ നല്‍കിയിട്ടുമുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഏത് പരിധി വരെ ഇടപെടാമെന്നതടക്കമുള്ള ഏഴ് വിഷയങ്ങളില്‍ ഉന്നത നീതിപീഠം വിധി പറയാനിരിക്കെ ഇപ്പോള്‍ ഒരു ചര്‍ച്ചക്ക് പോലും പ്രസക്തി ഇല്ലെന്ന നിലപാടിലാണ് സി.പി.എമ്മുള്ളത്.

ഇക്കാര്യത്തില്‍ തീര്‍പ്പ് കല്പിച്ച ശേഷമേ, റിവ്യൂ ഹര്‍ജി കേള്‍ക്കുന്നതടക്കം വിശാല ബെഞ്ച് പരിഗണിക്കുകയൊള്ളൂ എന്ന കാര്യവും നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടയില്‍ ഒരു സത്യവാങ്മൂലത്തിനും പ്രസക്തി ഇല്ല. ഭരണഘടനാ മാനങ്ങള്‍ സുപ്രീംകോടതി പരിശോധിക്കുന്ന പ്രശ്‌നത്തില്‍ സംസ്ഥാനത്ത് കരട് നിയമവുമായി യു.ഡി.എഫ് വന്നതിന്റെ ലക്ഷ്യവും അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ നിലപാടു തന്നെയാണ് ഇടതുപക്ഷവും ജനങ്ങളോട് വിശദീകരിച്ചു കൊണ്ടിരിക്കുന്നത്. ശബരിമല വിഷയം എടുത്തിട്ട് സര്‍ക്കാറിനെ വെട്ടിലാക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇതോടെ വീണ്ടും ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

 

Top