ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ബുധനാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് സംരക്ഷണത്തില്‍ യുവതികളെ കയറ്റരുതെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ എന്നും ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോ എന്നും യുവതികള്‍ ശബരിമലയില്‍ എത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ എന്നും കോടതി ആരാഞ്ഞു.

സര്‍ക്കാരിനോ പോലീസിനോ മറ്റ് സംഘടനകള്‍ക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. അത് വിശ്വാസികളുടെ ഇടമാണെന്നും നിയമ ലംഘനം നടക്കുന്നത് പൊലീസ് സുരക്ഷയിലാണെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയതിന് ശേഷമുള്ള സാഹചര്യവും സര്‍ക്കാര്‍ വിശദീകരിക്കണം. മനിതി സംഘത്തെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനത്തില്‍ കടത്തിവിട്ടതിലെ അതൃപ്തിയും ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പുതിയ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Top