ശബരിമല: പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് മറുപടിയില്ലെന്ന് തിരുവഞ്ചൂര്‍

Thiruvanchoor rashakrishnan

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം എണ്ണിയെണ്ണി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് യാതൊരു മറുപടിയും നല്‍കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ശബരിമലയിലെ നിരവധി പ്രശ്‌നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒന്നിനും സര്‍ക്കാരിന് മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭ നിര്‍ത്തിവച്ച് സര്‍ക്കാര്‍ തടിതപ്പുകയാണ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

ശബരിമല പ്രശ്‌നത്തില്‍ നിന്ന് യുഡിഎഫ് ഓടി ഒളിക്കാന്‍ ശ്രമിക്കുന്നുവെന്നും വീഴ്ചകള്‍ മറച്ചുവെക്കാനാണ് യുഡിഎഫ് സഭ സ്തംഭിപ്പിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

അതേസമയം ശബരിമല തീര്‍ഥാടനം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമലയെ തകര്‍ക്കാന്‍ സിപിഎം സംഘപരിവാറിനെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കണമെന്നും നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നതു വരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top