ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ശനിയാഴ്ച സന്നിധാനത്തെത്തും

പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിക്കാണ് ഘോഷയാത്ര പുറപ്പെടുന്നത്.

പുലർച്ചെ 5ന് ധർമശാസ്താ ക്ഷേത്രനട തുറക്കും. സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽനിന്നു തിരുവാഭരണങ്ങൾ അടങ്ങുന്ന പേടകം ശ്രീകോവിലിനു മുൻപിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ശ്രീകോവിലിനു മുൻപിൽ തിരുവാഭരണ പേടകം തുറന്നു വയ്ക്കും. ഭക്തർക്ക് ഈ സമയം ദർശനം അനുവദിക്കും.

തുടർന്ന് തിരുവാഭരണ പേടകം അടച്ചു മേൽശാന്തി നീരാജനമുഴിയും.
പന്തളം കൊട്ടാരം കുടുംബാംഗങ്ങൾ പേടകം പ്രദക്ഷിണമായെടുത്തു കിഴക്കേ നടയിലെത്തിച്ചു ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ ശിരസ്സിലേറ്റും. മരുതമന ശിവൻ പിള്ള പൂജാപാത്രങ്ങൾ അടങ്ങുന്ന പെട്ടിയും കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റി തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.

കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, കുളനട ദേവീ ക്ഷേത്രം, ഉള്ളന്നൂർ ദേവീ ക്ഷേത്രം, ആറന്മുള, കോഴഞ്ചേരി പാമ്പാടിമൺ വഴി നാളെ രാത്രിയിൽ അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തി വിശ്രമിക്കും. 13ന് ഇടപ്പാവൂർ, വടശേരിക്കര, പെരുനാട് വഴി ളാഹ സത്രത്തിലെത്തും. 14ന് പുലർച്ചെ ഘോഷയാത്ര പ്ലാപ്പള്ളി, നിലയ്ക്കൽ ഗോപുരം, വലിയാനവട്ടം, നീലിമല വഴി വൈകിട്ട് 5.30നു ശരംകുത്തിയിലെത്തും. ഇവിടെ നിന്നും തിരുവാഭരണം ആഘോഷപൂർവം സന്നിധാനത്തെത്തിക്കും.

Top