ബോധപൂര്‍വ്വം കലാപം നടത്താന്‍ ഗൂഢാലോചന; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പരാതി

Sreedharan Pilla

തിരുവനന്തപുരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പൊലീസില്‍ പരാതി. ബോധപൂര്‍വ്വം കലാപം നടത്താനും നിയമലംഘനം നടത്താനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് പരാതി.

പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ആണ് പരാതി കൈമാറിയത്. ബോധപൂര്‍വ്വം കലാപം ഉണ്ടാക്കുക, കോടതി ഉത്തരവ് ലംഘിക്കാന്‍ ഗൂഡാലോചന നടത്താന്‍ പദ്ധതികള്‍ നടത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

ശബരിമല തന്ത്രി കണ്ഠരര് രാജീവരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നത്.

ഇതിനിടെ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്നാണ് നിയമവിദഗ്ധരുടെയും അഭിപ്രായം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കാമെന്നും ആണ് വിദഗ്ധാഭിപ്രായം. രാഷ്ട്രീയ നേതാവിനപ്പുറം ശ്രീധരന്‍പിള്ള ഒരു അഭിഭാഷകന്‍ കൂടിയാണ്. സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിയെ പ്രേരിപ്പിച്ചുവെന്നത് കോടതിയലക്ഷ്യ നടപടിയാണ്.

ഈ ഉപദേശം കേള്‍ക്കാന് തന്ത്രി കണ്ഠരര് രാജീവര് സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്ന വ്യക്തിയാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീധരന്‍ പിളളയ്ക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാമെന്നും ഒരു വിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

Top