മീനമാസ പൂജയാക്കായി ശബരിമലനടതുറക്കും; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: മീന മാസപൂജക്കായി ശബരിമല നട ഇന്നു തുറക്കും. അതേസമയം കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രം തുറന്നാല്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ശബരിമലയില്‍ ഉദയാസ്തമയ പൂജയും പടിപൂജാ ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാന്‍ മുറികള്‍ നല്‍കില്ല. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച 6 ആളുകളടക്കം 28 പേരാണ് നിലവില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ തുടരുന്നത്.

രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 48 പേരേയും, രണ്ടാം തലത്തില്‍ അടുത്തിടപഴകിയ 256 പേരേയും ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വീടുകളില്‍ 1237 പേര്‍ നിരീക്ഷണത്തിലാണ്. ഇറ്റലി അല്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന 19 പേരും ഇക്കൂട്ടത്തിലുണ്ട്. 33 പേരുടെ സാംപിള്‍ പരിശോധന ഫലം ഇനിയും വരാനുണ്ട്.

Top