sabarimala tablo; kc joseph

കോട്ടയം: റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ചുള്ള ശബരിമലയുടെ ടാബ്ലോ തള്ളിയതിനെച്ചൊല്ലി വിവാദം. ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനൊരുങ്ങുന്ന ശബരിമലയെ ചിത്രീകരിക്കുന്ന ടാബ്ലോ തള്ളിയതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢതാല്‍പ്പര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു കുമ്മനത്തിന്റെ ആരോപണം.

എന്നാല്‍ കാരണമൊന്നും കൂടാതെ കേന്ദ്ര സര്‍ക്കാരാണ് ടാബ്ലോ തളളിക്കളഞ്ഞതെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. കേരള സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്തു. ടാബ്ലോയില്‍ ചില തിരുത്തലുകള്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതെല്ലാം ചെയ്തു കൊടുത്തു, എന്നിട്ടും അവസാന പട്ടികയില്‍ നിന്ന് ടാബ്ലോ തള്ളിക്കളഞ്ഞു കെ.സി. ജോസഫ് വ്യക്തമാക്കി.

ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യത്തിന്റെ ഭാഗമായാണ് ശബരിമലയുടെ ടാബ്ലോ അവതരിപ്പിക്കാന്‍ തീരുമാനമെടുത്തത്. രണ്ടു മൂന്നു തവണ ടാബ്ലോയില്‍ തിരുത്തു വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതു വരുത്തുകയും ചെയ്തു. എന്നിട്ടും സംസ്ഥാനത്തിന്റെ ടാബ്ലോ തള്ളുകയായിരുന്നു.

ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ കാപട്യമാണു ഇതിലൂടെ വെളിവാകുന്നതെന്ന് കെ.സി.ജോസഫ് ആരോപിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കമ്മിറ്റിയാണ് റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കേണ്ട ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്.

ഡിജിറ്റല്‍ കേരളം, കേരളത്തിന്റെ ഫലങ്ങള്‍, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, ശബരിമല എന്നിവയില്‍ ഏതെങ്കിലുമൊന്ന് പരിഗണിക്കണമെന്നാണ് കേരളം, കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതില്‍ നിന്ന് ശബരിമലയാണ് കേന്ദ്രം തിരഞ്ഞെടുത്തത്.

Top