ശബരിമലയില്‍ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസ്;സുരേന്ദ്രന്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

k-surendran

കൊച്ചി: ശബരിമല സന്നിധാനത്തു ചിത്തിര ആട്ടവിശേഷദിവസം അമ്പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും സുരേന്ദ്രന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. പൊലീസ് എസ്.പി ഹരിശങ്കറിന് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.

വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഡിസംബര്‍ ആറു വരെയാണു സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പിന്നീട് റാന്നി ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു.

Top