സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കയറ്റി വിടണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി

highcourt

കൊച്ചി: സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കയറ്റി വിടണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു.

ശബരിമല, പമ്പ, നിലയ്ക്കല്‍ വനഭൂമികളില്‍ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാനും നിര്‍ദ്ദേശമായിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി സെക്രട്ടറി റിപ്പോര്‍ട്ട് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിച്ചു.

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കരുതെന്നും അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാനും തീരുമാനമായിട്ടുണ്ട്. ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതി നാളെയാണ് പരിഗണിക്കുന്നത്.

അതേസമയം, ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നില നില്‍ക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കാന്‍ ഒരുങ്ങുന്നത്. ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഐജി അശോക് യാദവിനാണ് പമ്പയുടെ ചുമതല.

ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. നവംബര്‍ 11നുശേഷം വാദം എന്നതില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13നു പരിഗണിക്കുമെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്.

Top