ശബരിമലയില്‍ തീര്‍ഥാടകര്‍ക്കു സൗകര്യമില്ല; മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമലയില്‍

sabarimala

കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമലയില്‍ സന്ദര്‍ശനം നടത്തും.

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുവാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ വേണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരുമെന്നും ഡിജിപിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായാല്‍ കടുത്ത നടപടികളിലേക്കു പോകേണ്ടി വരുമെന്നുമാണ് കോടതി അറിയിച്ചിരിക്കുന്നത്.

അതേസമയം, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത 68പേരെ റിമാന്‍ഡ് ചെയ്തു. 14ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സന്നിധാനത്ത് ശരണം വിളിച്ച മുഴുവന്‍ അയ്യപ്പന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വലിയ നടപ്പന്തലില്‍ യാതൊരു പ്രകോപനവും കൂടാതെ ശരണം വിളിച്ചിരുന്ന അയ്യപ്പന്മാരെയായിരുന്നു അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ നടപ്പന്തലില്‍ ഭക്തര്‍ പ്രതിഷേധം നടത്തിയിരുന്നു. മാളികപ്പുറത്ത് നിന്ന് അയ്യപ്പന്മാരെ ഇറക്കിവിട്ട പൊലീസ് നടപടിയെ തുടര്‍ന്നായിരുന്നു പ്രതിഷേധം. നിരവധി ഭക്തരാണ് ശരണം വിളിച്ച് സന്നിധാനത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്.

Top