ശബരിമലയ്ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍

sabarimala

തിരുവനന്തപുരം: ശബരിമലയ്ക്കായി നിയമനിര്‍മ്മാണം കൊണ്ടു വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഭരണകാര്യങ്ങളിലും നിയമ നിര്‍മ്മാണം കൊണ്ടു വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

അതേസമയം, ശബരിമലയില്‍ സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ആധുനികവും ശക്തവുമാക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്നങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുമെല്ലാം കണക്കിലെടുത്താണ് ആധുനിക സുരക്ഷ സംവിധാനങ്ങള്‍ സജ്ജമാക്കുന്നത്.

സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്സ്പ്ലോസീവ് ഡിറ്റക്ടറുകള്‍, പോര്‍ട്ടബിള്‍ എക്സ് റേ മെഷിനുകള്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കാന്‍ കഴിയുന്ന ബോട്ടം ഇന്‍സ്പെക്ഷന്‍ മെഷിനുകള്‍ എന്നിവയ്ക്കുള്ള ടെണ്ടറുകള്‍ കേരള പൊലീസ് ക്ഷണിച്ചു കഴിഞ്ഞു. ശബരിമലയിലെ സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയാണിതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ നിര്‍മിത ഉത്പന്നങ്ങളും വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. വാഹനങ്ങളുടെ അടിഭാഗം സ്‌കാന്‍ ചെയ്ത് പരിശോധിക്കാന്‍ കഴിയുന്ന സംവിധാനം ഉപയോഗിച്ച് ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കും. വാഹനത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള സ്ഫോടകവസ്തുക്കളോ മറ്റും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇത്തരം ബോട്ടം സ്‌കാന്‍ സംവിധാനത്താല്‍ സാധിക്കും.

Top