മണ്ഡലകാലത്ത് കേന്ദ്രസേനയെ പടിക്ക് പുറത്തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ?

ണ്ഡല-മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ കേന്ദ്ര സേന എത്താന്‍ സാധ്യതയില്ല. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ച്ചയാണ് പ്രധാന കാരണം.

മണ്ഡല മകര വിളക്ക് കാലത്ത് അതീവ സുരക്ഷാ മേഖലയെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്ന ശബരിമലയില്‍ സുരക്ഷാ ഡ്യൂട്ടിക്കെത്താന്‍ കേന്ദ്രസേനകള്‍ക്ക് ഇതുവരെ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ശബരിമലയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളപ്പോഴും കേന്ദ്രസേനയുടെ വിന്യാസത്തിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ല.

കഴിഞ്ഞ 11 വര്‍ഷമായി മണ്ഡല-മകരവിളക്ക് കാലത്ത് കേന്ദ്ര ദ്രുത കര്‍മ്മ സേന ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തവണ സേനയെ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയാണ് ചെയ്യുക. കത്ത് പിന്നീട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോയമ്പത്തൂരിലെ സേന ആസ്ഥാനത്തേക്ക് കൈമാറുന്നതോടെയാണ് സേനാംഗങ്ങള്‍ ശബരിമലയില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെടുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച സംസ്ഥാനത്തിന്റെ ഒരു സന്ദേശവും സേന ആസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടില്ലെങ്കില്‍ കേന്ദ്ര സേനയുടെ സേവനം ലഭിക്കാന്‍ സാധ്യതയില്ല. നിലവില്‍ ബറ്റാലിയനുകളില്‍ പകുതിയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയി കഴിഞ്ഞു. അവശേഷിക്കുന്ന സേനാവിഭാഗത്തിന്റെ സേവനം കൂടി ആവശ്യപ്പെട്ടില്ലെങ്കില്‍ ഇവരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ സാധ്യതയേറെയാണ്. അതേസമയം കേന്ദ്രസേനയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സംസ്ഥാന പൊലീസിന് ചെയ്യാന്‍ സാധ്യമാണെന്ന തലത്തില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇതിനാലാണ് സേനയെ വിളിക്കുന്ന കാര്യത്തില്‍ ആദ്യന്തര വകുപ്പ് നടപടി ക്രമങ്ങള്‍ വൈകിപ്പിക്കുന്നതെന്നും ആരോപണവും ശക്തമായി കഴിഞ്ഞു.

CyRfmQ8WIAAMwdn

മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര ദ്രുത കര്‍മ്മ സേനയുടെ കോയമ്പത്തൂര്‍ 105 ബറ്റാലിയനില്‍ നിന്നും 250 സേനാംഗങ്ങളെയും ദേശീയ ദുരന്തനി വാരണ സേനയുടെ 90 പേരെയുമാണ് പമ്പയിലും സന്നിധാനത്തുമായി വിന്യസിച്ചിരുന്നത്.

കോയംമ്പത്തൂര്‍ 105 ബറ്റാലിയനില്‍ നിന്നുമാണ് കേന്ദ്ര ദ്രുത കര്‍മ്മ സേനയും ആരക്കോണത്ത് നിന്നുമാണ് കേന്ദ്ര ദുരന്ത നിവാരണ സേനയും സന്നിധാനത്ത് എത്തുന്നത്. സുരക്ഷയുടെ ഭാഗമായി ഇന്‍സാസ്, കാര്‍ബണ്‍, മള്‍ട്ടി ലോഞ്ചര്‍, എ.കെ.47, ഉള്‍പ്പെടയുള്ള ആയുധങ്ങളും ആളില്ലാ ത്ത ദൃശ്യ-നിരീക്ഷണ സംവിധാനമായ നേത്ര ഉള്‍പ്പടെയുള്ളവ സന്നിധാനത്ത് എത്തിക്കേണ്ടതുണ്ട്.

കൂടാതെ സന്നിധാനത്ത് തിരുമുറ്റത്ത് സുരക്ഷയുടെ ഭാഗമായി മോര്‍ച്ച ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ക്രമീകരിക്കുകയും വേണം. ഇതിന് ഏറെ സമയം വേണ്ടിവരുമെന്നിരിക്കെയാണ് സേനവിന്യാസം സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലാത്തത്. മുന്‍ വര്‍ഷങ്ങളില്‍ 25 ദിവസം മുന്‍പ് ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് എത്താനുള്ള നിര്‍ദ്ദേശം ദേശീയ ദുരന്തനിവാരണ സേനയ്ക്ക് ലഭിക്കാറുള്ളതാണ്. ശബരിമല ഡ്യൂട്ടി സംബന്ധിച്ച് നേരത്തെ അറിയിപ്പ് ലഭിക്കാതിരിക്കുന്നത് മൂലം റസ്‌ക്യൂ ഉപകരണങ്ങള്‍ എത്തിക്കാന്‍ കാലതാമസം ഉണ്ടാകും.

കൂടാതെ തമിഴ്‌നാട്ടില്‍ സൈക്ലോണ്‍ രൂപപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം അവിടെ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ സംസ്ഥാനത്ത് നിന്ന് ഇവരുടെ സേവനം വൈകി ആവിശ്യപ്പെട്ടാല്‍ സേനാംഗങ്ങളെ ശബരിമല ഡ്യൂട്ടിക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഒരു അപകടമോ മറ്റോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേകവൈദഗ്ദ്യം ഉള്ളവരാണ് ദേശീയ ദുരന്തസേനാംഗങ്ങള്‍. കഴിഞ്ഞ 10 വര്‍ഷമായി ഇവരുടെ സേവനം മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് ഉണ്ട്.

STRECTHER CARRYING_0

വെള്ളിയാഴ്ച നട തുറക്കാമെന്നിരിക്കെ ശബരിമലയില്‍ കേന്ദ്ര സേനാ വിന്യാസം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. എന്നാല്‍ എല്ലാ പ്രായ ത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ ശബരിമലയിലേക്ക് വിന്യസിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുമുണ്ട്.

നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസേനയുടെ സുരക്ഷ സര്‍ക്കാരിന് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. പ്രതിക്ഷേധക്കാരെ നേരിടാന്‍ കേന്ദ്രസേനയെ ഉപയോഗിക്കാം. ഒപ്പം തന്നെ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനാല്‍ കേന്ദ്രസേനയെ സുരക്ഷ ഏല്‍പ്പിച്ചെന്ന പ്രതിപക്ഷ പ്രചരണം ഉണ്ടാവുകയും ചെയ്യും .ഇങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്നുറപ്പാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ട് പോലും ഭക്തജന പ്രക്ഷോഭത്തെ തടയാനായില്ലെന്നതും സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. സ്വാഭാവിക സുരക്ഷയെന്ന് പറഞ്ഞ് പോലും കേന്ദ്രസേനയെ സുരക്ഷ ഏല്‍പ്പിച്ചാല്‍ അത് തെറ്റിദ്ധാരണ പരത്തുമെന്ന് സംസ്ഥാന സര്‍ക്കാരിന് വ്യക്തമായറിയാം

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top