ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്. അക്രമത്തിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പ്രക്ഷോഭകാരികളും വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ എത്തിയ കുറച്ചാളുകളും ശബരിമലയില്‍ നിലയുറപ്പിച്ചിരിക്കുന്നു. നിലയ്ക്കല്‍, പന്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസിനു മുകളിലുളള സ്ത്രീകളെ വരെ തടയുന്ന സ്ഥിതി ഉണ്ടായി. മണ്ഡലകാലത്ത്‌ നട തുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനുള്ള ഗൂഢ പദ്ധതി തയ്യാറാക്കി, ശബരിമലയിലേക്ക് വന്ന യുവതികളായ ഭക്തകളെ ആക്രമിച്ചു. മാധ്യമങ്ങളെയും വലിയ തോതില്‍ ആക്രമിച്ചുവെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിശ്വസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്ന സര്‍ക്കാരാണിത്. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ അധികാരം സര്‍ക്കാരിനാണ്. സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ട്. അതിന് അവസരമൊരുക്കുകയും സഹായം നല്‍കുകയുമാണ് സര്‍ക്കാറിന്റെ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top