സ്ഥലമില്ലെങ്കില്‍ സഹകരണമില്ല ; ശബരിമല വിഷയത്തില്‍ നിലപാടുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

പത്തനംതിട്ട: ശബരിമല അവലോകന യോഗത്തില്‍ നിന്ന് ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നിന്നത് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തിനാലാണെന്ന് റിപ്പോര്‍ട്ട്. നിലയ്ക്കലില്‍ ഗസ്റ്റ് ഹൗസ് ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണത്തിന് സ്ഥലം അനുവദിക്കണമെന്ന മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് പ്രധാന കാരണം.

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടിനെതിരെ പ്രതിഷേധം അതിര്‍ത്തി കടന്നതിനിലാണ് ഇന്നലത്തെ അവലോകന യോഗം ബഹിഷ്‌ക്കരിച്ചതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മന്ത്രിമാര്‍ക്ക് പകരം എത്തിയ ഉദ്യോഗസ്ഥര്‍ തന്നെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവിട്ടു. നിലയ്ക്കലില്‍ സ്ഥലം അനുവദിക്കാമെന്ന വാഗ്ദാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. പിന്നീട് നാളിതുവരെയായിട്ടും നടത്തിയ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതാണ് മറ്റ് സംസ്ഥാനങ്ങളെ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാല്‍ പ്രേരിപ്പിച്ചത്.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയാണ് ഇതുസംബന്ധിച്ചു മറ്റു സംസ്ഥാനങ്ങളുമായി കരാര്‍ ഒപ്പിട്ടത്. എ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ബോര്‍ഡ് നിലവില്‍ വന്നതോടെ നിലയ്ക്കലില്‍ സ്ഥലം അനുവദിക്കുന്നതിനുള്ള കരാര്‍ റദ്ദാക്കി. നിലയ്ക്കലില്‍ ഫ്ളാറ്റ് മാതൃകയില്‍ നിര്‍മ്മാണം നടത്താനായിരുന്നു മറ്റ് സംസ്ഥാനങ്ങള്‍ സ്ഥലം ആവശ്യപ്പെട്ടത്. മുന്‍ ഭരണസമിതി ഈ ആവശ്യം അംഗീകരിച്ച് കരാര്‍ ഒപ്പിട്ടു. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. മുന്‍ ഭരണസമിതിയുടെ കരാര്‍ റദ്ദാക്കി നിലയ്ക്കലില്‍ സ്ഥലം അനുവദിക്കേണ്ടെന്ന് പുതിയ ഭരണസമിതി തീരുമാനം എടുത്തു.

ശബരിമലയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ഥ നിലപാടാണെന്ന് ദേവസ്വം ബോര്‍ഡ് അധികൃതരും സമ്മതിക്കുന്നു. മണ്ഡല മകരവിളക്ക് കാലത്തു പോലും സുരക്ഷയ്ക്കായി സംസ്ഥാനം മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പോലും പരിമിതമായ സേനാംഗങ്ങളെ മാത്രമാണ് അയല്‍ സംസ്ഥാനങ്ങള്‍ അയക്കുന്നത്.

ശബരിമലയില്‍ പോകാന്‍ തയ്യാറുള്ള യുവതികളെ സൗജന്യമായി കൊണ്ടുപോകുമെന്ന് ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ണ്ണാടക സര്‍ക്കാരിനും യുവതി പ്രവേശനത്തില്‍ അനുകൂല നിലപാട് ആണ് സ്വീകരിക്കുന്നത്.

റിപ്പോര്‍ട്ട്: കെ ബി ശ്യാമപ്രസാദ്‌

Top