പൊലീസിനു പുത്തൻ ഉണർവ് നൽകിയ കോടതിവിധി, തിരിച്ചടി ചോദിച്ചു മേടിച്ചു !

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് ക്രിമിനല്‍ കേസില്‍ പ്രതിയായ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ കിട്ടിയ പ്രഹരം ചോദിച്ചു വാങ്ങിയത്.

ബൂട്ടിട്ട് ചവിട്ടും പോലെയല്ല നിയുദ്ധ പഠിച്ചവരുടെ മുറയെന്നും യതീഷ് ചന്ദ്രയെപ്പൊലുള്ള ഓഫീസര്‍മാര്‍ ചവിട്ടാന്‍ ബൂട്ട് ഉയര്‍ത്തുന്നതിന് മുമ്പ് മറുപടി കിട്ടിയിരിക്കുമെന്നും ആയിരുന്നു വിവാദ പ്രസംഗത്തിലൂടെ ശോഭ മുന്നറിയിപ്പു നല്‍കിയിരുന്നത്.

ഒരേ സമയം പൊലീസിനെ വെല്ലുവിളിക്കുകയും സമാന്തരമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ഈ ബി.ജെ.പി വനിതാ നേതാവിന് ഹൈക്കോടതിയില്‍ നിന്നും കിട്ടിയത് കനത്ത പ്രഹരം തന്നെയാണ്.

ചുമ്മാ മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിക്കാനൊന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് സമ്മതിച്ചില്ലെന്ന് മാത്രമല്ല കോടതിയെ ദുരുപയോഗം ചെയ്തതിന് ശിക്ഷയായി 25000 രൂപ പിഴ ചുമത്തുകയും ചെയ്തിരിക്കുകയാണ്.

ശോഭയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പപേക്ഷിച്ചപ്പോഴും കോടതിയുടെ മനസ്സ് അലിഞ്ഞില്ലെന്നത് സംഘ പരിവാര്‍ സംഘടനാ നേതാക്കള്‍ക്കുള്ള ഒരു പാഠം തന്നെയാണ്. പ്രത്യേകിച്ച് ശബരിമല വിഷയം മുന്‍ നിര്‍ത്തി സമരം ശക്തമാക്കാന്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തില്‍ കോടതി വിധി വളരെ പ്രസക്തം തന്നെയാണ്.

ശബരിമലയില്‍ ഭക്തരെ പൊലീസ് പീഢിപ്പിക്കുകയാണെന്നും തനിക്കു നേരെയും പീഢനം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഇപ്പോള്‍ ശബരിമല വിഷയം മുന്‍ നിര്‍ത്തി സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും തെരുവില്‍ തടയാന്‍ ശ്രമിക്കുകയും ചെയ്ത് വരുന്ന ആര്‍.എസ്.എസ് – ബി.ജെ.പി സംഘടനകള്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം കൂടിയാണ് ശോഭ ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്.

പൊലീസ് കൃത്യമായ നിയമപാലനം തന്നെയാണ് ശബരിമലയില്‍ നടത്തിയതെന്നതിനുള്ള ശക്തമായ ഉദാഹരണമായി ഈ ഹൈക്കോടതി വിധിയെ കാണാവുന്നതാണ്.

sobha

കോടതി ചേംബറിലെ ചില പരാമര്‍ശങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി നിലയ്ക്കലില്‍ ചുമതല ഉണ്ടായിരുന്ന ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്രക്കെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായി ഈ നിലപാടിനെ വിലയിരുത്താവുന്നതാണ്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിച്ചത് അവരില്‍ നിഷിപ്തമായ ഡ്യൂട്ടി മാത്രമാണ്.

കേന്ദ്ര മന്ത്രിയോടായാലും ഹിന്ദു ഐക്യവേദി നേതാവിനോടായാലും ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരോടായാലും യതീഷ് ചന്ദ്ര പെരുമാറിയതും ഡ്യൂട്ടിയുടെ ഭാഗം തന്നെയാണ്. ഇവരോട് ആരോടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ശത്രുത ഇപ്പോള്‍ സംഘപരിവാര്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഐ.പി.എസ് ഓഫീസര്‍മാരായ മനോജ് എബ്രഹാം, വിജയ് സാക്കറെ, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, പ്രതീഷ് കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെയില്ല.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വരെ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ പ്രചരണമാണ് സംസ്ഥാനത്തിനകത്തും പുറത്തും നടന്നത്. ഉദ്യോഗസ്ഥരുടെ വീടുകളിലേക്കു വരെ മാര്‍ച്ചുകളും നടത്തുകയുണ്ടായി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം ശബരിമല ദര്‍ശനത്തിന് എത്തിയ ഭക്തന്‍മാര്‍ പൊലീസിന്റെ സേവനങ്ങള്‍ക്ക് പരസ്യമായി നന്ദി പറഞ്ഞ് മടങ്ങുമ്പോഴാണ് പ്രകോപനപരമായ ഈ പ്രചരണമെന്നതും ഓര്‍ക്കണം.

പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിച്ച നടപടികള്‍ ശരിയല്ലെങ്കില്‍ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഹൈക്കോടതിക്ക് ഇതിനകം തന്നെ ഉത്തരവിടാമായിരുന്നു. കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചപ്പോള്‍ പോലും നിരോധനാജ്ഞ പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ന് വളരെ സെന്‍സിറ്റീവായ മേഖലയായി ശബരിമല മാറിക്കഴിഞ്ഞു. സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇപ്പോള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമെല്ലാം ഉണ്ടായ പൊലീസ് നടപടികളില്‍ മിക്കതും നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്.

yatheesh chandra

യുവതികളെത്തിയാല്‍ തടയുമെന്ന വിശ്വാസികളുടെ നിലപാട് പോലെ തന്നെ യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയാല്‍ അതു നല്‍കേണ്ട ബാധ്യത പൊലീസിനുമുണ്ട്. ഇക്കാര്യത്തില്‍ സ്വന്തം മനസാക്ഷിക്ക് നിരക്കാത്ത കാര്യമാണെങ്കില്‍ പോലും സുരക്ഷ നല്‍കാന്‍ പൊലീസുകാര്‍ നിര്‍ബന്ധിക്കപ്പെടുന്നത് ഡ്യൂട്ടിയുടെ ഭാഗമായതുകൊണ്ടു മാത്രമാണ്. അവിടെ വ്യക്തിപരമായ നിലപാടുകള്‍ക്ക് ഒരു പ്രസക്തി ഇല്ല.

ഏതെങ്കിലും യുവതികളെ നിര്‍ബന്ധിച്ച് മല കയറ്റി അയ്യപ്പദര്‍ശനം സാധ്യമാക്കാമെന്ന കര്‍ശന വാശി പൊലീസിന് ഉണ്ടായിരുന്നുവെങ്കില്‍ രഹന ഫാത്തിമയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കില്ലായിരുന്നു. രഹന ഫാത്തിമയുടെ മല കയറ്റത്തിനു ശേഷം ആക്ടീവിസ്റ്റുകളായ യുവതികളുടെ കാര്യത്തിലും പൊലീസ് ജാഗ്രത പാലിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിനും പൊലീസിനും വാശിയുണ്ടെങ്കില്‍ യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിക്കാന്‍ മറ്റു പല വഴികളും ഉണ്ടെന്ന് കൂടി പ്രതിഷേധക്കാര്‍ തിരിച്ചറിയണം. ഇത് ആരോടെങ്കിലും ഉള്ള ഒരു വാശിയായി കാണരുത്. സുപ്രീം കോടതിയാണ് യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഈ നിലപാടിന് എതിരെ അപ്പീല്‍ പോയില്ല എന്നതും ശരിയാണ്.

മാധവ സേവയേക്കാള്‍ മാനവ സേവനമാണ് പ്രധാനമെന്ന് കരുതുന്ന കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് എപ്പോഴും അകലെയാണ് മതങ്ങള്‍ തീര്‍ക്കുന്ന സാങ്കല്‍പ്പിക ലോകം. ഇവിടെ സ്ത്രീയെന്നോ പുരുഷനെന്നോയുള്ള വിവേചനങ്ങള്‍ക്ക് ഒരു സ്ഥാനമില്ല. ജാതീയതയും മതങ്ങളുമെല്ലാം കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പടിക്കു പുറത്ത് തന്നെയാണ്. അതു കൊണ്ടു തന്നെ കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന ഒരു സര്‍ക്കാര്‍ അപ്പീല്‍ കൊടുക്കാത്തത് വലിയ അപരാധമായി കാണുന്നത് യുക്തിപരവുമല്ല.

bjp cpm

അതേസമയം, വിശ്വാസികള്‍ അല്ലാത്ത കമ്യൂണിസ്റ്റുകളാണ് മതവിശ്വാസികള്‍ക്കെതിരായ കടന്നാക്രമണങ്ങളെ ചെറുത്ത് തോല്‍പ്പിക്കുന്നതും ജാതീയത കേരളത്തില്‍ നിന്നും തുടച്ച് നീക്കാന്‍ പോരാടിയതെന്നതും നാം മറക്കരുത്. അത് ചുവപ്പില്‍ കുറിച്ച ചരിത്രമാണ്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ വിശ്വാസികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെങ്കില്‍ അത് ആത്യന്തികമായി പ്രകടമാകേണ്ടിയിരുന്നത് ജനവിധിയിലൂടെയായിരുന്നു. എന്നാല്‍ ശബരിമല വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ആ പ്രതിഫലനം ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിനു തന്നെയാണ് ഭൂരിപക്ഷ സീറ്റുകളിലും വിജയിക്കാന്‍ കഴിഞ്ഞത്. പ്രാദേശിക വിഷയങ്ങള്‍ക്കും അപ്പുറം വിശ്വാസവും ചുവപ്പ് രാഷ്ട്രീയവും പരസ്പരം ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ ചുവപ്പിന്റെ പൊടിപോലും കാണില്ലെന്ന കണക്കു കൂട്ടലുകളാണ് ഇവിടെ പൊളിച്ചടക്കപ്പെട്ടത്.

Top