ശബരിമലയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ സംഘപരിവാര്‍;സര്‍ക്കാര്‍ പ്രതിരോധത്തില്‍

പത്തനംതിട്ട:ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ക്കശ സുരക്ഷയെ ഹൈക്കോടതി തന്നെ രൂക്ഷമായി വിമര്‍ശിച്ചതോടെ പ്രതിഷേധം കനപ്പിക്കുവാന്‍ സംഘപരിവാര്‍ നീക്കം.കൂടുതല്‍ പ്രവര്‍ത്തകരെ സന്നിധാനത്ത് വിന്യസിച്ച് പൊലീസ് തിരിച്ചുപിടിച്ച കളം സ്വന്തമാക്കുകയാണ് ലക്ഷൃം.

തൃപ്തി ദേശായി ഉള്‍പ്പെടെ ഉള്ളവര്‍ ഏത് നിമിഷവും വേഷം മാറി ശബരിമലയില്‍ എത്തുമെന്നും പതിനെട്ടാം പടി കയറിയ ശേഷം മൊബൈലില്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങളെ അറിയിക്കുവാനാണ് ലക്ഷ്യമിടുന്നതുമെന്നുമാണ് സംഘ പരിവാര്‍ നേതൃത്വം കരുതുന്നത്.

ഈ നീക്കം മുളയിലേ നുള്ളാനാണ് സന്നിധാനത്ത് പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കണമെന്ന നിര്‍ദ്ദേശം സംഘപരിവാര്‍ നല്‍കിയിരുന്നത്.
എന്നാല്‍ പൊലീസ് നടപടി കര്‍ക്കശമാക്കിയതോടെ സന്നിധാനത്ത് തങ്ങാന്‍ പറ്റാത്ത സാഹചര്യം പ്രതിഷേധക്കാര്‍ക്കുണ്ടായി.
ഈ പ്രതികൂല സാഹചര്യം മറികടക്കാന്‍ ഹൈകോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍ വഴി ഒരുക്കുക തന്നെ ചെയ്യും. ഇത്‌ കണ്ടാണ് സംഘ പരിവാര്‍ സംഘടനകള്‍ ഉഷാറായിരിക്കുന്നത്.

K Surendran

ശബരിമലയില്‍ പോലീസിന്റെ ഇടപെടല്‍ കൂടുതലാണെന്ന് ആണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ സുപ്രീംകോടതി വിധിയുടെ പേരില്‍ അമിത ഇടപെടല്‍ പാടില്ല. കുട്ടികള്‍ ഉള്‍പ്പടെ എത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നുമാണ് കോടതി വ്യക്തമാക്കിയത്. യഥാര്‍ത്ഥ ഭക്തര്‍ക്ക് നല്ലരീതിയില്‍ തീര്‍ത്ഥാടനം നടത്താന്‍ കഴിയണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഓഫീസര്‍മാര്‍ക്ക് ജനങ്ങളെ നിയന്ത്രിച്ച് മുന്‍പരിചയമുണ്ടോയെന്നും കോടതി അന്വേഷിച്ചു.

ശബരിമലയില്‍ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിശദവിവരങ്ങളും കോടതി തേടുകയും ചെയ്തു. നടപ്പന്തല്‍ ഉള്‍പ്പടെയുള്ള സ്ഥലം ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ്. പോലീസുകാരുടെ സ്ഥാനം ബാരക്കിലാണെന്നും കോടതി നിരീക്ഷണം നടത്തി. കോടതിയുടെ ഈ ഇടപെടല്‍ പ്രതിഷേധത്തില്‍ നില്‍ക്കുന്ന ബിജെപി സംഘ പരിവാര്‍ സംഘടനകള്‍ ഉഷാറായിരിക്കുന്നത്‌സംസ്ഥാനത്തെ എല്ലാ ഘടകങ്ങള്‍ക്കും ശബരിമലയിലേക്ക് കൂടുതല്‍ പേരെ അയക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എല്ലാ പരിവാര്‍ സംഘടനകളും പ്രത്യേകമായാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

fgw

ബി.ജെ.പിയുടെ സര്‍ക്കുലര്‍ ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു. ബിജെപി കേരളം എന്ന തലക്കെട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ പേരില്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത് ഇങ്ങനെ. ആചാരങ്ങള്‍ സംരക്ഷിക്കാനായി ഓരോ ദിവസവും പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കണം. ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ സംഘജില്ലകളില്‍ നിന്നു പ്രവര്‍ത്തകര്‍ എത്തണമെന്നും ആണ് നിര്‍ദ്ദേശം.

സംസ്ഥാനത്തിന് കീഴില്‍ വരുന്ന 30 സംഘജില്ലകളില്‍ നിന്ന് സന്നിധാനത്തേക്ക് ഏതു ദിവസം എത്തണമെന്നും കൃത്യമായി തീയതിയും സര്‍ക്കുലറില്‍ നിശ്ചയിച്ചിട്ടുണ്ട്. സംഘജില്ലകളുടെ ചുമതലയുള്ള നേതാക്കളുടെ പേരും ഫോണ്‍ നമ്പര്‍ സഹിതമാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം അറിയിക്കാമെന്നും സൂചിപ്പിച്ചാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. എന്നാല്‍ പമ്പ, നിലയ്ക്ക്ല്‍,സന്നിധാനം എന്നിവിടങ്ങളില്‍ ക്രമസമാധാന ചുമതല കൈകാര്യം ചെയ്യാനെത്തിയ പോലീസ് സേന ഹൈക്കോടതി ഇടപെടലോടെ ആകെ വെട്ടിലായിരിക്കുകയാണ്.

sabarimala-759

ഒരിക്കല്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് സംഘടിച്ച് കഴിഞ്ഞാല്‍ പിന്നെ അവരെ ഒഴിപ്പിക്കുക അസാധ്യമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. അതേ സമയം ശശികലയും സുരേന്ദ്രനും ഉള്‍പ്പെടെ ഉള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇനി തങ്ങളെ തൊടാന്‍ ഭയക്കും എന്ന ആത്മവിശ്വാസത്തില്‍ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് ഒഴുകുകയാണ്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top