ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ബുദ്ധിയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നത്: കോണ്‍ഗ്രസ് വക്താവ്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ബുദ്ധിയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോള്‍ താഴേത്തട്ടിലെ യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണം അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള സംസ്ഥാന തലത്തിന്റെ പ്രവര്‍ത്തനം ഹൈക്കമാന്റിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എംപിമാര്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ലോക്‌സഭയില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്തിയിരുന്നു. ഈ പ്രവര്‍ത്തിയെ സോണിയ ഗാന്ധി ശാസിച്ചു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വാര്‍ത്ത എംപിമാര്‍ തള്ളിയിരുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെപിസിസിയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു.ദേശീയ നേതൃത്വം സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് ശബരിമല വിഷയത്തില്‍ പ്രതികരിച്ചുവെങ്കിലും സംസ്ഥാന നേതൃത്വം വിപരീത നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വക്താവ് നിലപാട് വ്യക്തമാക്കുന്നത്.

Top