അന്തിമ വിധി ഉണ്ടാകുന്നത് വരെ എല്ലാവരും സംയമനം പാലിക്കണം: ഒ.രാജഗോപാല്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഒ രാജഗോപാല്‍ എംഎല്‍എ. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാങ്ങള്‍ ലാഘവബുദ്ധിയോടു കൂടി മാറ്റി മറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന പ്രസക്തമായ വാദവുമെല്ലാം ഒരു ഏഴംഗ ബഞ്ച് തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് കോടതി ചിന്തിക്കുന്നത്. ഇത് നല്ല കാര്യമാണ്. ഈ സാഹചര്യത്തില്‍ ഒരു അന്തിമ വിധി ഉണ്ടാകുന്നത് വരെ ബന്ധപ്പെട്ട എല്ലാവരും സംയമനം പാലിക്കുകയാണ് അഭികാമ്യമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. എന്നാല്‍ ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിച്ചത്.

Top