സുപ്രീം കോടതി വിധി വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയം: ജി സുകുമാരന്‍ നായര്‍

ചങ്ങനാശേരി: ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയമായിട്ടാണ് ഈ വിധിയെ കാണുന്നതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വിധി വിശാല ബെഞ്ചിന് വിട്ട മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും ഉണ്ടാവുകയെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. എന്നാല്‍ ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിച്ചത്.

Top