ശബരിമല മാളികപ്പുറത്തിന്റെ പ്രതിഷ്ഠ ഭാവത്തെക്കുറിച്ച് രാഹുലിനും അറിയില്ലെന്ന്

പത്തനംതിട്ട : ശബരിമല മാളികപ്പുറത്തിന്റെ പ്രതിഷ്ഠാ ഭാവത്തെക്കുറിച്ച് അറിയില്ലെന്ന് രാഹുല്‍ ഈശ്വര്‍.

Express Keralaയ്ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഈശ്വര്‍ മാളികപ്പുറം ശബരിമലയില്‍ അയ്യപ്പന്റെ അരികത്ത് ഇരിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ പിന്നെ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതിരുന്നത്.

ഓരോ പ്രതിഷ്ഠയ്ക്കും അതിന്റേതായ ഭാവങ്ങളുണ്ടെന്നും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലായതിനാലാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പല തവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.

സ്ത്രീപ്രവേശന വിഷയത്തില്‍ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളിലൂടെ പ്രാര്‍ത്ഥനാ സമരവുമായി മുന്നോട്ട് പോകുമെന്നും ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ജല്ലിക്കെട്ട് മാതൃകയിലുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് രണ്ടാമത്തെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘രക്തം ചിന്തും എന്ന പ്രസ്ഥാവന നടത്തിയതില്‍ ഒട്ടും ഖേദിക്കുന്നില്ല. എന്നാല്‍, അതിന് തയ്യാറായി നില്‍ക്കുന്ന ആളുകളെ പറഞ്ഞു മനസ്സിലാക്കി ഒരു ആക്രമണ സ്വഭാവത്തിലേയ്ക്ക് സ്ഥിതി മാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ആദ്യഘട്ടത്തില്‍ നടന്ന ചില ആക്രമണ സംഭവങ്ങളില്‍ ക്ഷമ ചോദിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ ഈ അനിഷ്ട സംഭവങ്ങളില്‍ ഓരോരുത്തരെ വിളിച്ച് പ്രത്യേകം ക്ഷമ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഭഗവാന്‍ അയ്യപ്പന്റെ അനുഗ്രഹങ്ങളാണ് സന്നിധാനത്ത് ഇത്രവലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ തന്നെ പ്രാപ്തനാക്കിയത്.’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സ്ത്രീ വിഷയമായതിനാലാണ് ശബരിമല വിധിയെക്കുറിച്ച് തന്ത്രി കുടുംബത്തിലെ ചിലര്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ല. മഹാത്മാഗാന്ധിയാണ് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ്. ഗാന്ധിയന്‍ സമര രീതിയിലൂടെ ശബരിമല സ്ത്രീ പ്രവേശനം അതി ശക്തമായി എതിര്‍ക്കും. ആദ്യഘട്ടത്തില്‍ നടന്ന ആക്രമണങ്ങളില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

റിപ്പോര്‍ട്ട്: എ.റ്റി അശ്വതി

Top