ശബരിമല സന്ദര്‍ശനം; രഹന ഫാത്തിമയ്ക്ക് എതിരെ ബിഎസ്എന്‍എല്‍ അന്വേഷണം

കൊച്ചി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം തുടങ്ങി. ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ് രഹന. ഇവരുടെ ശബരിമല കയറ്റ ശ്രമം വലിയ പ്രതിഷേധങ്ങളാണ് സന്നിധാനത്ത് ഉണ്ടാക്കിയത്. പോലീസ് സുരക്ഷയില്‍ യൂണിഫോം ധരിച്ച് ഇരുമുടിക്കെട്ടുമായി എത്തിയ രഹനയെ പ്രതിഷേധക്കാര്‍ തിരിച്ചയയ്ക്കുകയായിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.

ബി.എസ്.എന്‍.എല്ലിന്റെ കേരള ചുമതലയുള്ള പി.ടി മാത്യുവാണ് അന്വേഷണം നടത്തുന്നത്. ബി.എസ്.എന്‍.എല്‍ ജീവനക്കാരി മന:പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞാല്‍ സസ്‌പെന്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ കവിതയോടൊപ്പമാണ് രഹന മലചവിട്ടാനെത്തിയത്. കവിത റിപ്പോര്‍ട്ടിംഗിനാണ് എത്തിയതെന്നാണ് അറിയിച്ചത്.

താന്‍ വിശ്വാസിയാണെന്നും ഇക്കാര്യം വേറെ ആരും പറയേണ്ടെന്നും തനിക്കും തന്റെ കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കണമെന്നും രഹന ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. രഹന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു.

അതേസമയം, ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ ഇവര്‍ക്ക് യൂണിഫോമും ഹെല്‍മറ്റും നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍, ശബരിമലയില്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഐജി ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ നടപടിയെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വിമര്‍ശിച്ചിരുന്നു. യുവതികള്‍ക്ക് ഹെല്‍മറ്റും യൂണിഫോമും നല്‍കിയത് നിയമ ലംഘനമാണെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

Top