ശബരിമല ദര്‍ശനം; തടയുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദേശം

bahra

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാന്‍ ഡിജിപി ഉത്തരവിട്ടു.

എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നത രൂക്ഷമാവുകയാണ്. ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ തള്ളി ബോര്‍ഡ് അംഗം രംഗത്തെത്തിയിരുന്നു. നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും റിവ്യൂ ഹര്‍ജി ബോര്‍ഡ് പരിഗണിച്ചിട്ടില്ലെന്നും ബോര്‍ഡ് അംഗം പറഞ്ഞു. ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന പ്രസിഡന്റിന്റെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും സ്ത്രീ പ്രവേശനത്തില്‍ കോടതി വിധി നടപ്പാക്കുമെന്നും ബോര്‍ഡ് അംഗം പറഞ്ഞു.

നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.

Top