ശബരിമലയില്‍ അഞ്ചിന് നട തുറക്കും; മുന്നോടിയായി നിരോധനാജ്ഞ പ്രഖ്യാപിക്കും

sabarimala

പത്തനംതിട്ട: നിലയ്ക്കല്‍, സന്നിധാനം. പമ്പ, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. അഞ്ചാം തിയതി നട തുറക്കുന്നതിന് മുന്നോടിയായിട്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ അര്‍ധരാത്രി മുതലായിരിക്കും നിരോധനാജ്ഞ.

അതേസമയം, ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി പറഞ്ഞിരുന്നു. പത്തനംതിട്ട ജില്ലയില്‍ അടുത്ത ദിവസം മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സുരക്ഷയൊരുക്കാന്‍ പൊലീസ് സേന സജ്ജമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഇതിനിടെ, ക്ഷേത്രങ്ങളില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് ആര്‍എസ്എസ് പറഞ്ഞിരുന്നു. എന്നാല്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കിയിരുന്നു. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷി ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല കേസില്‍ വിധി വരുന്നതിന് മുമ്പ് ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം നടപ്പാക്കണം എന്ന് തന്നെയായിരുന്നു ആര്‍.എസ്. എസിന്റെ നിലപാട്. എന്നാല്‍ ശബരിമല വിധിയെ തുടര്‍ന്ന് ഉണ്ടായ സാഹചര്യങ്ങളില്‍ ആര്‍എസ്എസ് നിലപാട് മാറ്റുകയായിരുന്നു.

Top