പൊലീസ് കീഴ്‌വഴക്കങ്ങളില്‍ മാറ്റം; ശബരിമലയില്‍ ഇവര്‍ ഇതൊക്കെയും പാലിക്കണം

SABARIMALA-POLICE

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷയൊരുക്കുന്ന പൊലീസുകാരുടെ കീഴ്‌വഴക്കങ്ങളില്‍ മാറ്റം വരുന്നു.

സംഘര്‍ഷമുണ്ടാകുന്ന പ്രദേശങ്ങളില്‍ എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ സജ്ജമായി നില്‍ക്കുവാനാണ് പൊലീസിനു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സോപാനത്തിനു താഴെ യൂണിഫോമില്‍ മാത്രമേ നില്‍ക്കാവൂ. കൈയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണമെന്നും ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് ചെയ്യണമെന്നും സര്‍ എന്നു തന്നെ വിളിക്കണമെന്നും തുടങ്ങിയ നിര്‍ദേശങ്ങളാണു പൊലീസിനു നല്‍കിയിരിക്കുന്നത്.

ശബരിമല വിഷയം ഇത്രമേല്‍ ചൂടു പിടിക്കുന്നതിനു മുമ്പ് വരെയും സന്നിധാനത്തു പൊലീസുകാര്‍ ഷര്‍ട്ട് പുറത്തിട്ട് ബെല്‍റ്റിടാതെയായിരുന്നു നിന്നിരുന്നത്. ലാത്തി ഉപയോഗിക്കാറേയില്ലായിരുന്നു. മേല്യുദ്യോഗസ്ഥരെ കണ്ടാല്‍ സ്വാമി ശരണം എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഒഴിവാക്കുവാനാണ് പുതിയ തീരുമാനം. ശബരിമലയില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയുമായി സഹകരിച്ച് ശബരിമലയില്‍ നിരീക്ഷണവും നടത്തുന്നതാണ്. പത്തനംതിട്ട ഡിസിപിയാണു വ്യോമ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫിസര്‍. ഒരു ഐപിഎസ് ഓഫിസര്‍ വ്യോമ, നാവിക സംഘത്തെ അനുഗമിക്കുകയും ചെയ്യും. എറണാകുളം റേഞ്ച് ഐജിക്കാണു ചുമതലയുള്ളത്.

Top