നിരോധനാജ്ഞ ഈ മാസം 26 വരെ നീട്ടി; തീർത്ഥാടകർക്ക് ബാധകമല്ല

sabarimala

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും.

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും വിവിധ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കല്കടര്‍ പിബി നൂഹ് നിരോധനാജ്ഞ നീട്ടിയത്.

എന്നാല്‍ ഭക്തര്‍ സംഘമായി എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നിരോധനാജ്ഞയെ തുടര്‍ന്ന് തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിരോധനാജ്ഞ വ്യാഴാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ ഏക മാര്‍ഗം നിരോധനാജ്ഞയാണന്നാണ് പോലീസ് നിഗമനം.

നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം യുഡിഎഫും ബിജെപിയും ശക്തമാക്കുന്നതിനിടെയാണ് നിരോധാനജ്ഞ തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകള്‍ രജിസ്ട്രര്‍ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

Top