ശബരിമല സ്ത്രീ പ്രവേശനം : പമ്പയില്‍ പൊലീസുകാരെ ട്രാക്ടറില്‍നിന്നും ഇറക്കിവിട്ടു

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ പൊലീസുകാരെ ട്രാക്ടറില്‍നിന്നും ഇറക്കിവിട്ടു. ടാര്‍പോളിന്‍ മറച്ചുവന്ന ട്രാക്ടറില്‍ വനിതകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. നൂറിലധികം വരുന്ന സമരക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ട്രാക്ടറില്‍നിന്നും പൊലീസുകാരെ ബലമായി പിടിച്ചിറക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ശബരിമലയിലേയ്ക്ക് കൂടുതല്‍ കമാന്റോകളെ വിന്യസിക്കുമെന്ന് ഡിജിപി അറിയിച്ചു. നിലവിലെ 700 പൊലീസുകാരെ കൂടാതെ 300 പൊലീസിനെ കൂടി വിന്യസിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ നിലയ്ക്കലില്‍ വന്‍ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായിട്ടുണ്ട്. പൊലീസിനെ പ്രതിഷേധക്കാര്‍ വളയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം, ശബരിമലയില്‍ പ്രതിഷേധം ശക്തമായിരിക്കെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറിയില്ല എന്താണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top