തലക്കു വെളിവുണ്ടെങ്കിൽ ഈ സാഹസം കാട്ടരുത്, പൊലീസ് നീക്കവും പരിഹാസ്യം !

sabarimala-protest

ലക്ക് വെളിവുള്ള ആരും തന്നെ ചെയ്യാത്ത ഏർപ്പാടാണ് ഇപ്പോൾ അയ്യപ്പഭക്തർ എന്ന വ്യാജ്യേന ഒരു സംഘം യുവതികൾ ശബരിമലയിൽ നടത്തിയത്.

ലക്ഷക്കണക്കിന് അയ്യപ്പഭക്തർ വന്നു പോകുന്ന ശബരിമലയിൽ ആരുടെ ഉത്തരവ് ഉണ്ടായാലും യുവതികൾക്ക് പതിനെട്ടാം പടി കയറുക എന്നത് എളുപ്പമുള്ള കാര്യമല്ല. ശ്രീകോവിലിൽ രക്തം ചിന്തിപോലും യുവതികളെ പ്രവേശിപ്പിക്കാൻ ഏത് ഭരണകൂടം ശ്രമിച്ചാലും ഭക്തരുടെ എതിർപ്പ് നിലനിൽക്കുന്നടത്തോളം അത് കേരളത്തെ സംബന്ധിച്ച് നടപ്പുള്ള കാര്യവുമല്ല.

ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർക്കുന്നവർ എല്ലാവരും സംഘികൾ ആണെന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആ ധാരണയാണ് ആദ്യം മാറ്റേണ്ടത്. അയ്യപ്പൻമാർക്കിടയിൽ ഒരു അഭിപ്രായ സർവ്വേ നടത്തി നോക്കണം അപ്പോൾ അറിയാം എന്താണ് അവരുടെ വികാരമെന്നത്.

ഇവിടെ ഇന്ന് തമിഴ് നാട്ടിൽ നിന്നെത്തിയ യുവതികളുടെ സംഘത്തിന് ഭക്തരുടെ രോഷത്തിൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെടേണ്ടി വന്നു. ശബരിമല ദർശനത്തിനു വന്നത് ആക്റ്റിവിസ്റ്റുകളുടെ സംഘടനാ പ്രതിനിധികളാണെന്ന ഐ.ബി റിപ്പോർട്ടും അതീവ ഗൗരവകരമാണ്. ആക്ടീവി സം കാണിക്കാനുള്ള ഇടമല്ല ശബരിമല എന്ന് ഓർക്കുന്നത് നല്ലതാണ്.ലക്ഷക്കണക്കിന് ആളുകൾക്കിടയിലൂടെ യുവതികളെ പതിനെട്ടാം പടി കയറ്റുവാൻ എങ്ങനെ കഴിയുമെന്നാണ് പൊലീസ് കരുതുന്നത് ?

വലിയ സംഘർഷത്തിലേക്കും കാര്യങ്ങൾ പൂർണ്ണമായും കൈവിട്ട് പോകുന്നതിലേക്കും മാത്രമല്ല, നാട്ടിൽ വലിയ സംഘർഷം പടരാനും വരെ അത്തരം നടപടികൾ കാരണമാകും.

നാളെ തൃപ്തി ദേശായി വന്നാലും സംഭവിക്കാൻ പോകുന്നതും ഇതൊക്കെ തന്നെ ആയിരിക്കും. ബഹുമാനപ്പെട്ട സുപ്രീം കോടതിയെ ഈ സാഹചര്യങ്ങൾ അറിയിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ ഉടൻ തയ്യാറാകണം.

ശബരിമലയിൽ ഒരു യുവതിയും ആക്രമിക്കപ്പെടരുത്. ഒരു വാശിയായി ശബരിമല ദർശനം ഏറ്റെടുത്ത് വരുന്നവരെ ആനയിച്ച് കൊണ്ടു പോകുന്ന പൊലീസും രണ്ടു വട്ടം ഇനി ആലോചിക്കണം. കാരണം ഇന്ന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായിരിക്കുകയാണ്.

കാക്കി യൂണിഫോമിട്ടാലും പൊലീസുകാരന്റെ മനസ്സിനകത്തും ഒരു വിശ്വാസം കാണും. പ്രത്യേകിച്ച് ശബരിമലയിൽ നിയോഗിക്കപ്പെട്ടവരുടെ മനസ്സിൽ. അതൊരിക്കലും രക്തം ചിന്തിയും യുവതികളെ സന്നിധാനത്തെത്തിക്കുക എന്നതായിരിക്കില്ല.

തിരിച്ചോടിയത് പൊലീസ് പ്രതിഷേധക്കാരെ ഭയന്നിട്ടല്ലെന്നും മറിച്ച് അയ്യപ്പനെ ഭയന്നിട്ടാണെന്നുമുള്ള ട്രോളുകളെയും തമാശയായി മാത്രം കാണാൻ സാധിക്കുകയില്ല.

പുരോഗമന വാദവും നവോത്ഥാനവുമെല്ലാം പറയുമ്പോൾ തന്നെ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാൻ സംസ്ഥാന ഭരണകൂടവും ഇടതുപക്ഷ നേതാക്കളും ഇനിയെങ്കിലും തയ്യാറാകണം.

ഇപ്പോൾ ശബരിമലയിൽ ഉണ്ടായ സംഭവം വനിതാമതിലിനെ ബാധിച്ചാലും ഇല്ലെങ്കിലും നിലപാടുകൾ സുതാര്യമായിരിക്കണം. അത് ക്രിസ്ത്യൻ മതവിഭാഗ തർക്കമായാലും മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട വിഷയമായാലും തുല്യനീതിയാണ് വേണ്ടത്. അത് ലഭിക്കുന്നില്ലെന്ന് ഏതെങ്കിലും ഒരു വിഭാഗത്തിനെ തോന്നിപ്പിക്കുന്ന നടപടി ശരിയല്ല.

എല്ലാ മതങ്ങളെയും ജാതികളെയും അവരുടെ ആചാരങ്ങളെയും ബഹുമാനിക്കുന്ന നാടാണ് കേരളം. മത വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റ് ഭരണാധികാരികൾ വിശ്വാസികൾക്കു വേണ്ടി പോരാടിയ ചരിത്രവും ഈ നാടിനുണ്ട്. അതു കൊണ്ട് തന്നെയാണ് ബഹു ഭൂരിപക്ഷം ഹിന്ദു വോട്ടുകൾ ഇപ്പോഴും ഇടതുപക്ഷത്തിന്റെ പെട്ടിയിൽ വീഴുന്നത്.

വിശ്വാസവും പ്രസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലായി ആരും തന്നെ ശബരിമല വിഷയത്തെ കാണാനും ശ്രമിക്കരുത്.

കാലങ്ങളായി പിന്തുടർന്നു വരുന്ന ആചാരം തുടരട്ടെ എന്ന് ഹിന്ദു സമുദായത്തിലെ ബഹു ഭൂരിപക്ഷം ആഗ്രഹിച്ചാൽ അതാണ് നടക്കേണ്ടത്. ഇത് ക്രിമിനൽ നിയമ ചട്ടങ്ങൾ ഒന്നുമല്ലല്ലോ ? വിശ്വാസം സംബന്ധിച്ച കാര്യമല്ലേ? സുപ്രീം കോടതിയെ ശബരിമലയുടെ പ്രത്യേകതയും ഇപ്പാഴത്തെ സാഹചര്യവും അറിയിക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ കടമയാണ്. അതല്ലെങ്കിൽ പ്രത്യേക ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും തയ്യാറാകണം.

എല്ലാവർക്കും തുല്യനീതിയെന്ന മഹത്തായ ആശയം നല്ലത് തന്നെ , പക്ഷേ അത് ഭൂരിപക്ഷ അഭിപ്രായത്തിന് എതിരാണെങ്കിൽ നടപ്പാക്കണമോ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

പ്രത്യേകിച്ച് സ്ത്രീകളിലെ തന്നെ ബഹു ഭൂരിപക്ഷവും എതിർക്കുന്ന വിഷയത്തിൽ.

Team express kerala

Top