ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തം ; പ്രാര്‍ത്ഥനായജ്ഞവുമായി റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍

SABARIMALA-POLICE

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തമെന്ന പേരില്‍ പ്രാര്‍ത്ഥനായജ്ഞവുമായി ഒരു കൂട്ടം റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍. പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര മുറ്റത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞം മുന്‍ ഡിജിപി ടി പി സെന്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്.

ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രായശ്ചിത്തമെന്ന പേരിലാണ് പരിപാടി നടത്തിയത്. വലിയ കോയിക്കല്‍ ക്ഷേത്ര മുറ്റത്ത് നടന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ 30 ല്‍ അധികം പേര്‍ പങ്കെടുത്തു.

അതേസമയം മാന്യതയുള്ള സര്‍ക്കാരായിരുന്നുവെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് മുന്‍പൊലീസ് ടിപി സെന്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്‍പര്യങ്ങളും കാണും, അവരൊക്കെ അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്ന് സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നില്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top