അപ്രഖ്യാപിത യുദ്ധം; ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: സംസ്ഥാനത്ത് അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും ശബരിമല വിഷയത്തില്‍ പ്രതികരിച്ച് വീണ്ടും ശ്രീധരന്‍ പിള്ള പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ചോര വീഴ്ത്തി നടയടപ്പിക്കുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ വിവാദ പ്രസ്ഥാവന നടത്തിയത്.

അതേസമയം, ശബരിമല വിഷയത്തില്‍ പ്രതികരണവുമായി വീണ്ടും എന്‍എസ്എസും രംഗത്തെത്തിയിരുന്നു. വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം ആളുകളും അംഗീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നുമാണ് എന്‍എസ്എസ് വ്യക്തമാക്കിയത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേരത്തെയും അറിയിച്ചിരുന്നു. നിരീശ്വരവാദം വളര്‍ത്തുവാന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണെന്നും ഭക്തരെ അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താന്‍ കഴിയില്ലെന്നും പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top