യുവതികളെ തിരിച്ചയച്ചത് കൂട്ടമരണം ഉണ്ടാക്കി വിധി നടപ്പാക്കുവാന്‍ സാധിക്കാത്തതിനാല്‍: കെ.കെ ശൈലജ

shylaja-kk

തിരുവനന്തപുരം: കൂട്ടമരണം ഉണ്ടാക്കി വിധി നടപ്പാക്കുവാന്‍ ആകില്ലെന്നും അതിനാലാണ് യുവതികളെ തിരിച്ചയച്ചതെന്നും മന്ത്രി കെ.കെ ശൈലജ.

അതേസമയം, ശബരിമല കയറാന്‍ വന്ന യുവതികളെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപ്പന്തലില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു, കനക ദുര്‍ഗ എന്നി യുവതികള്‍ ശബരിമലയില്‍ എത്തിയത്. മലകയറാനെത്തിയ യുവതികള്‍ക്കെതിരെ
വന്‍ ഭക്തജന പ്രതിഷേധമാണ് രാവിലെ ഉണ്ടായത്. പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരെ പൊലീസ് മലയിറക്കി. യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.

ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു. യുവതികളെ മരക്കൂട്ടത്തുനിന്ന് തിരിച്ചിറക്കിയത് ആംബുലന്‍സിലായിരുന്നു.

അതേസമയം മലകയറാന്‍ രണ്ടു യുവതികള്‍ എത്തിയതിനു പിന്നാലെ മരക്കൂട്ടത്തിനു സമീപം പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റു. ഉന്തിനും തള്ളിനുമിടെ ന്യൂസ് 18 ചാനല്‍ കാമറാമാനാണ് പരുക്കേറ്റത്. ഇയാളുടെ കൈ ഒടിഞ്ഞതായാണ് വിവരം. കൂടാതെ, കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തിനും പ്രതിഷേധം ശക്തമായതോടെ ശബരിമല ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല.

Top