തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമല മകരവിളക്കിനു മുന്നോടിയായി പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍. തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറുപടി. ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.

നിലവിലെ അവസ്ഥയില്‍ സന്നിധാനത്തേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

തിരുവാഭരണം കൈവശപ്പെടുത്തുമെന്ന് ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുവെന്നും മകരവിളക്കിന് കൊണ്ടുപോകുമ്പോള്‍ തിരുവാഭരണം തട്ടിയെടുക്കുമെന്ന് ഭീഷണിയുണ്ടെന്നും പന്തളം കൊട്ടാരം പറഞ്ഞിരുന്നു. തിരുവാഭരണം കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുന്നത് വരെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം പന്തളം കൊട്ടാരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ തിരുവാഭരണത്തിന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ തയാറാണെന്നും ഇതുവരെ കൊട്ടാരത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരാവശ്യവും ഉണ്ടായിട്ടില്ലെന്നും
പത്തനംതിട്ട ജില്ലകളക്ടര്‍ പി.ബി.നൂഹ് വ്യക്തമാക്കിയിരുന്നു.

Top