ശബരിമലയില്‍ അറസ്റ്റ് ചെയ്ത സംഭവം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Sreedharan Pilla

കോഴിക്കോട്: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ജാമ്യമില്ലാ വകുപ്പ് പൊലീസ് ദുരുപയോഗം ചെയ്യുന്നുവെന്നും ശബരിമലയില്‍ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കാഴ്ച പുലര്‍ച്ചെ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 70 പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇവരെ മണിയാര്‍ എആര്‍ ക്യാംപിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയാണ്. ഈ ക്യാംപിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. സ്ഥലത്ത് കനത്ത പൊലീസ് വിന്യാസമുണ്ട്. പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

പിടിയിലായവരെ രാവിലെ പത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റും. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാന്‍ പൊലീസ് തയാറായില്ല.

Top