നവോത്ഥാന സംരക്ഷണ സമിതിയില്‍ പിളര്‍പ്പ്; 50ല്‍ അധികം സംഘടനകള്‍ പിന്‍മാറുന്നുവെന്ന്

കോഴിക്കോട്: ശബരിമലയിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയില്‍ പിളര്‍പ്പ്.

നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്റിലെ 50ല്‍ അധികമായ സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് പിന്‍മാറുന്നതെന്ന് സി പി സുഗതന്‍ പറഞ്ഞു.

സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളില്‍ 50ലേറെ ഹൈന്ദവ സംഘടനകളാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ പിന്‍മാറുന്നത്.

രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതു കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യ കാരണമൈന്നാണ് സൂചനകള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമാണെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത തെളിയിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാര്‍ലമെന്റ് ആത്മീയ സഭാ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top