പിണറായി ജാതി-മത ശക്തികള്‍ക്കു മുന്നില്‍ തല കുനിയ്ക്കാത്തതാണോ തെറ്റ്?

pinarayi

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്നവരും വേട്ടയാടുന്നവരും ഒരു കാര്യം ശ്രദ്ധിക്കുക, ജാതി, മത ശക്തികള്‍ നിയന്ത്രിക്കുകയും അവരുടെ ആജ്ഞയ്ക്കും തിട്ടൂരത്തിനുമനുസരിച്ച് ഭരണം നടത്തുന്ന യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് വിരുദ്ധമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്നില്‍ നട്ടെല്ലുവളയ്ക്കാത്തതാണോ പിണറായി സര്‍ക്കാരിന്റെ കുറ്റം?.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോള്‍ ജാതി, മത വര്‍ഗീയ വാദികള്‍ക്കൊപ്പം സര്‍ക്കാരിനെ വേട്ടയാടുന്നവര്‍ പിന്നോട്ടു വലിക്കുന്നത് കേരളത്തിന്റെ നവോത്ഥാന പൈതൃകത്തെയാണ്.

cpm

എല്ലാ ജാതി, മത ശക്തികളും അണിനിരന്ന് വിമോചന സമരത്തിലൂടെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ട പാപഭാരം പേറുന്ന മാധ്യമങ്ങളാണ് പിണറായിയെയും വേട്ടയാടുന്നത്. വിമോചനസമരം തെറ്റായിപ്പോയെന്ന് അതിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളടക്കം തുറന്നു പറഞ്ഞത് വിസ്മരിക്കരുത്.

ശ്രീനാരായണഗുരുദേവന്റെ സാമൂഹിക നവോത്ഥാന പാരമ്പര്യം പേറുന്ന എസ്.എന്‍.ഡി.പിയെ സവര്‍ണ ഹൈന്ദവതയും മനുസ്മൃതിയും മുറുകെപിടിക്കുന്ന ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിക്കൊപ്പം അണിനിരത്താന്‍ ഭാരത് ധര്‍മ ജനസേന എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ വെള്ളാപ്പള്ളിയെ നിലക്കുനിര്‍ത്തിയത് പിണറായി വിജയനും സി.പി.എമ്മുമാണ്.

യു.ഡി.എഫ് ഭരണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തി രമേശ് ചെന്നിത്തലക്ക് ആഭ്യന്തരമന്ത്രി സ്ഥാനം വാങ്ങി നല്‍കിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് നായന്‍മാരുടെ അട്ടിപ്പേറവകാശം സുകുമാരന്‍ നായര്‍ക്കില്ലെന്ന് തന്റേടത്തോടെ പറയാന്‍ ആര്‍ജ്ജവം കാണിച്ചത് പിണറായി വിജയന്‍ മാത്രമാണ്.

cpim22

സഖാവ് മത്തായി ചാക്കോയുടെ മരണത്തില്‍പോലും മതം കലര്‍ത്തി മുതലെടുപ്പ് നടത്തിയ താമരശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിക്കാനുള്ള ആര്‍ജ്ജവവും പിണറായിക്കു മാത്രം അവകാശപ്പെട്ടതാണ്. വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ച് പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും സകല ജാതി, മത വര്‍ഗീയ വാദികള്‍ക്കും പാദസേവ ചെയ്യുന്നവര്‍ക്ക് ഇത് ദഹിക്കില്ല.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്തവും ശൈശവ വിവാഹവും സതിയും അടക്കമുള്ള അനാചാരങ്ങളെയെല്ലാം പോരാട്ടത്തിലൂടെ തോല്‍പ്പിച്ചാണ് കേരളം വളര്‍ന്നത്. ഭ്രാന്താലയമെന്ന് സ്വാമി വിവേകാന്ദന്‍ വിളിച്ച കേരളത്തെ സാക്ഷരതയിലും സംസ്‌ക്കാരത്തിലും ഒന്നാമതെത്തിച്ചത് അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ തന്നെയാണ്.

അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരായി പോരാട്ടം നടത്തിയ പാരമ്പര്യമുള്ള കോണ്‍ഗ്രസ് ജാതി, മത സംഘടനകളുടെ വലയില്‍വീണ് നട്ടെല്ലുള്ള നിലപാടില്ലാതെ ഇരുട്ടില്‍ തപ്പുമ്പോള്‍. നാളെയുടെ തലമുറ ശരിയെന്ന് പറയുന്ന ഒരു നിലപാടിനുവേണ്ടി നിലകൊള്ളുന്ന പിണറായി സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കില്‍ അത് ചരിത്രം മാപ്പു തരാത്ത പാതകമായി മാറും. വിമോചന സമരത്തിന്റെ പാപഭാരം പേറുന്ന മാധ്യമങ്ങള്‍ ജാതി, മത, വര്‍ഗീയ കൂട്ടങ്ങളുടെ കോപ്രായം കണ്ട് പിന്തുണച്ചാല്‍ കാലം മാപ്പുതരില്ല.

തമ്പ്രാന്റെ മണ്ണില്‍ മരണം വരെ പണിയെടുത്ത് തലചായ്ക്കാന്‍ ഒരു തുണ്ടു മണ്ണില്ലാതെ മരണപ്പെട്ടിരുന്ന കര്‍ഷക തൊഴിലാളികള്‍ക്കും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും ഭൂമി നല്‍കിയ, വേല ചെയ്യുന്നവന് തലഉയര്‍ത്തി കൂലിചോദിക്കാന്‍ അധികാരം നല്‍കി, വിദ്യാഭ്യാസ ബില്ലു കൊണ്ടുവന്ന് അധ്യാപകര്‍ക്ക് ജോലി സുരക്ഷ നല്‍കിയ ഇ.എം.എസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വിമോചന സമരവുമായാണ് ഇവര്‍ വന്നത്.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് അവ വീട്ടിലെത്തിച്ചു നല്‍കിയ, വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും ലൈഫ് പദ്ധതിയിലൂടെ വീടു നല്‍കുന്ന, പ്രളയ ദുരിതത്തില്‍ നിന്നും നവകേരളം സൃഷ്ടിക്കുന്ന, ദേശീയപാത വികസനത്തിലൂടെയും ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയിലൂടെയും കേരള വികസനത്തിന് കുതിപ്പു പകരുന്ന പിണറായി വിജയനെ പുറത്താക്കാന്‍ അവര്‍ വീണ്ടും ശബരിമല വിഷയം ഉയര്‍ത്തി രണ്ടാം വിമോചന സമരത്തിന് കോപ്പു കൂട്ടുന്നു. അരുതെന്ന് പറഞ്ഞ് ഇവരെ തടയാനുള്ള ഉത്തരവാദിത്വം മലയാള മാധ്യമങ്ങള്‍ ഏറ്റെടുക്കുമോ. കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്ന് ആരും മറക്കരുത്.

പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍

Top